സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 85 രൂപ കൂടി 7595 രൂപയും പവന് 680 രൂപ വർധിച്ച് 60760 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണ വിലയിലും വർധനവ് ഉണ്ടായി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6275 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 98 രൂപയിൽ തന്നെയാണ് നിരക്ക്.
യുഎസ് പ്രസിഡന്റിന്റെ നയങ്ങളും ഡോളറിന്റെ കുതിപ്പും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ശനിയാഴ്ച നടക്കാൻ പോകുന്ന കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന സൂചനകളുമുണ്ട്. ആഗോളതലത്തില്‍ ഉണ്ടാകാനിടയുള്ള വ്യാപാരയുദ്ധ സാധ്യതകളും സ്വർണത്തിന് തിളക്കം കൂട്ടുന്നു. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളും സ്വര്‍ണവിപണിയില്‍ സ്വാധീനം ചെലുത്താറുണ്ട്.