ഗോപൻ സ്വാമികളുടെ സമാധിയാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച് പൊളിച്ച സമാധിയിൽ നിന്നും കൊലപാതകമെന്ന് തെളിയിക്കുന്ന ഒന്നും ലഭിച്ചില്ല. അതോടെ കുടുംബത്തിന്റെ ചില വാദങ്ങൾ പൊതു സമൂഹത്തിന് അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്. അങ്ങനെ സമാധി ഇപ്പോൾ മഹാസമാധിയായിരിക്കുന്നു.നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിക്കായി പുതിയ സമാധിമണ്ഡപം വരെ ഒരുങ്ങി. വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയ കല്ലറയുടെ അതേ സ്ഥലത്താണ് ‘ഋഷിപീഠം’ എന്നു പേരുള്ള പുതിയ മണ്ഡപം നിര്‍മിച്ചത്. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഗോപന്റെ മൃതദേഹം നാമജപ ഘോഷയാത്രയായി ആണ് തിരികെ വീട്ടിലെത്തിച്ചത്. വിപുലമായ ചടങ്ങുകളാണു കുടുംബവും ഹിന്ദു ഐക്യവേദി, വിഎസ്ഡിപി ഉൾപ്പെടെയുള്ള സംഘടനകളും കൂടി ഒരുക്കിയത്. പൊലീസും ജില്ലാ ഭരണകൂടവും ഏറെ ശ്രദ്ധയോടെയായിരുന്നു കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.
സമാധാനപരമായി കല്ലറ തുറന്നു മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിഞ്ഞതും പൊലീസിനും ജില്ലാ ഭരണകൂടത്തിനും വലിയ ആശ്വാസമായിരുന്നു. ആദ്യ ദിവസം കല്ലറ തുറക്കാനെത്തിയപ്പോള്‍ കുടുംബത്തിന്റെയും ചില സംഘടനകളുടെയും ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായിരുന്നു. എന്നാൽ പൊലീസ് സ്വീകരിച്ച ക്ഷമയും കൂടുതൽ ചർച്ചകളും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഈ മാസം 9ന് പിതാവിന്റെ ആഗ്രഹപ്രകാരം, സ്വര്‍ഗവാതില്‍ ഏകാദശി ദിവസം അദ്ദേഹത്തെ സമാധി ഇരുത്തിയെന്ന് മക്കള്‍ വെളിപ്പെടുത്തിയതോടെയാണ് സംസ്ഥാനം ഏറെ കൗതുകത്തോടെ ചര്‍ച്ച ചെയ്ത സമാധി വിവാദത്തിനു തുടക്കമായത്.
മരണത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍ രംഗത്തെത്തിയതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രോഗബാധിതനായി കിടപ്പിലായിരുന്ന ഗോപന്, വ്യാഴാഴ്ച രാവിലെ മരിച്ചെന്നും സമാധി ഇരുത്തിയെന്നുമാണ് ഭാര്യ സുലോചനയും മക്കളായ രാജസേനനും സനന്തനും ആദ്യം പറഞ്ഞത്. രാവിലെ പത്തോടെ അറയിലേക്കു നടന്നുപോയി പത്മാസനത്തില്‍ ഇരുന്ന പിതാവിനു വേണ്ടി പുലര്‍ച്ചെ മൂന്നുവരെ പൂജകള്‍ ചെയ്തതായി മകന് രാജസേനന് പിന്നീട് പൊലീസിനു മൊഴി നല്കി. അപ്പോഴാണ് സമാധി പൂര്‍ത്തിയായതെന്നും പിന്നീട് ഈ അറ കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ച് അടച്ചുവെന്നും രാജസേനന് പറഞ്ഞിരുന്നു. ആരെയും മരണവിവരം അറിയിക്കാതെ സംസ്കാരം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാല്‍ ഗോപനെ കാണാനില്ലെന്ന കേസാണു പൊലീസ് റജിസ്റ്റര്‍ ചെയ്തത്. സമാധി സ്ഥലമെന്ന തരത്തില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് അറ പൊലീസ് സീല്‍ ചെയ്തു. ഗോപന് സ്വാമിയെന്ന് അറിയപ്പെടുന്ന ഗോപന് വീട്ടുവളപ്പില്‍ ശിവക്ഷേത്രം നിര്‍മിച്ചു പൂജകള്‍ നടത്തിയിരുന്നു. ഇതിന്റെ സമീപത്ത് തന്നെയായിരുന്നു ഗോപന് തന്നെ നിര്‍മിച്ചുവെന്ന് പറയപ്പെടുന്ന ‘സമാധി അറ’. മക്കളില്‍ രാജസേനന് കുടുംബക്ഷേത്രത്തിലെ പൂജാരിയാണ്.
മരണം നടന്ന സമയം സുലോചനയും മകന് രാജസേനനും മാത്രമായിരുന്നു വീട്ടില്‍. സമാധിയാകാന്‍ സമയമായെന്ന് അച്ഛന് അറിയിച്ചതിനാല്‍ രണ്ടാമത്തെ മകനും മെക്കാനിക്കുമായ സനന്തനെ വിളിച്ചുവരുത്തുകയായിരുന്നു. അതേസമയം ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ മരണകാരണം വ്യക്തമല്ലെന്നാണ് ഇപ്പോഴും പൊലീസ് പറയുന്നത്. ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയൂ എന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം പൊലീസിനെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവിധ ടെസ്റ്റുകളുടെ ഫലം കാത്തിരിക്കുകയാണ് പൊലീസ്. സമാധിയാണോ മരണമാണോ എന്നുള്ള ചർച്ചകൾ ആവേശം കൊള്ളുമ്പോഴും സമൂഹത്തിൽ അത് ഏതെങ്കിലും തരത്തിലുള്ള സ്പർദ്ദ വളർത്തുന്നതിന് ഇടവരുത്തുമോയെന്ന ചിന്തയായിരുന്നു ഭരണകൂടത്തിന് ഉണ്ടായിരുന്നത്. ചില കോണുകളിൽ നിന്നും അത്തരത്തിലുള്ള ശ്രമങ്ങളും ഉയർന്നുവന്നിരുന്നു. സമാധി വിഷയത്തിൽ ഏറെക്കുറെ ചിത്രം വെളിവായതോടെ ഉയർന്നുവന്ന വിവാദങ്ങളും സമാധിയായിരിക്കുകയാണ്.