തിരുവനന്തപുരം: ലഹരിമരുന്ന് വ്യാപനത്തിനെതിരായി നിയമസഭാ മന്ദിരത്തില്‍ ചേർന്ന യോഗത്തിൽ ലഹരി വ്യാപനത്തിനെ ചെറുക്കൻ അതിശക്തമായ ക്യാമ്പയിന് സര്‍ക്കാര്‍ നേതൃത്വം നല്‍കും. ഏപ്രില്‍ മുതല്‍ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിന് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.കൂടാതെ ഈ മാസം 30ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും ഒരു യോഗം സംഘടിപ്പിക്കും.
എല്‍.പി ക്ലാസുകള്‍ മുതല്‍ തന്നെ ലഹരിവിരുദ്ധ ബോധവത്ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പരിശോധന കര്‍ശനമാക്കണം, പോലീസിന്റെയും എക്സൈസിന്റെയും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണം. സ്നിഫര്‍ ഡോഗ് സാന്നിധ്യം വര്‍ദ്ധിപ്പിക്കണം, മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങണം. കൊറിയറുകള്‍, പാഴ്സലുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങി കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.