രാജേഷ് തില്ലങ്കേരി
ഒരിടവേളയ്ക്ക് ശേഷം കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും -സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് ശക്തിയേറുന്നു. കേരളത്തിലെ സര്‍വ്വകലാശാലകളിലെ വി സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും വീണ്ടും നേരിട്ട് കൊമ്പു കോര്‍ത്തിരിക്കയാണ്. സര്‍വ്വകലാശാലകളില്‍ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനായി ഗവര്‍ണര്‍ സ്വന്തം നിലയില്‍ നീക്കം തുടങ്ങിയതോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര് ബിന്ദു വീണ്ടും പ്രസ്താവനയുമായി രംഗത്തുവന്നത്.
സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗങ്ങളെ അയക്കണമെന്നും അല്ലെങ്കില്‍ രാജ്ഭവന് വിസി നിയമന നടപടികളുമായി മുന്നോട്ട് പോവുമെന്ന് നേരത്തെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

ഗവര്‍ണര്‍ നടപടികളുമായി മുന്നോട്ടേക്ക് നീങ്ങവെ സി പി എം നേതാവായ എം സ്വരാജാണ് ഗവര്‍ണര്‍ക്കെതിരെ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. മാനസിക രോഗികളും ഗവര്ണറാവുമെന്നും കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് നിയമനിതനാവുമെന്നതിനാലാണ് പുതിയ ഭേദഗതിയെന്നുമായിരുന്നു സ്വരാജിന്റെ പ്രസംഗം. കണ്ണൂരില്‍ കെ എസ് ഇ ബി ഓഫീസേഴ്സിന്റെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേയാണ് എം സ്വരാജിന്റെ ഗവര്‍ണര്‍ വിരുദ്ധ പ്രസ്താവന.
ആരാണ് ഈ സ്വരാജെന്നും സി പി എം നേതാക്കള്‍ക്ക് മറുപടി പറയേണ്ട ചുമതല തനിക്കില്ലെന്നുമായിരുന്നു ഗവര്‍ണര്‍ ആരഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.
എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി കേരളത്തില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് നിലനില്‍ക്കയാണ്. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളെ നിയമിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ പ്രവര്‍ത്തകരെ അണിനിരത്തി നിരവധി സമരങ്ങളാണ് അഴിച്ചുവിട്ടിരുന്നത്.

കണ്ണൂര്‍ സര്‍വ്വകലാശാല വി സി നിയമനം, സാങ്കേതിര സര്‍വ്വകലാശാലയിലെ വി സി നിയമനം എന്നിവയെച്ചൊല്ലിയാണ് ഗവര്‍ണറും സര്‍ക്കാരുംതമ്മില്‍ പോര് ആരംഭിക്കുന്നത്. കണ്ണര് സര്‍വ്വകലാശാല വി സി ആയിരുന്ന ഡോ ഗോപിനാഥ് രവീന്ദ്രനെ ചട്ടവിരുദ്ധമായി പുനര്‍ നിയമിച്ചതും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നത് സംബന്ധിച്ചും ഉണ്ടായ നിയമ പോരാട്ടമാണ് ചാന്‍സിലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ ഒഴിവാക്കാനുള്ള നിയമം പാസാക്കുന്നതില്‍ വരെ എത്തിച്ചത്.
കേരള സന്ദര്‍ശനത്തിനായി എത്തിയ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡോക്ടററേറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ നല്കിയ നിര്‍ദ്ദേശം പാലിക്കാത്തതുമായി ബന്ധപ്പെട്ടാണ് സര്‍വ്വകലാശാലകളിലെ വി സി നിയമനത്തില്‍ ഗവര്‍ണര്‍ നിലപാട് കടുപ്പിക്കാന്‍ തീരുമാനിക്കുന്നത്. പിന്നീട് സര്‍വ്വകലാശാലയുടെ അധിപന് എന്ന നിലയിലുള്ള ചാന്‍സിലര്‍ പദവി തനിക്ക് ആവശ്യമില്ലെന്നും സര്‍ക്കാര്‍ അനാവശ്യമായി സര്‍വ്വകലാശാല ഭരണത്തില്‍ നിരന്തരം ഇടപെടുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ച് രംഗത്തെത്തി. ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതിനായി സര്‍ക്കാര്‍ അല്‍പ്പമൊന്ന് പിന്‍വാങ്ങിയെങ്കിലും കണ്ണൂര്‍ സര്‍വ്വകലാശാല വി സി പുനര്‍ നിയമന വിവാദം കത്തിയതോടെ സര്‍ക്കാര്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരായി.

കണ്ണൂര്‍ സര്‍വ്വകലാശാല വി സി നിയയമനം പിന്നീട് കോടതി അസാധുവാക്കി. സാങ്കേതിക സര്‍വ്വകലാശാലയിലെ വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് അനുകൂല വിധിയുണ്ടായെങ്കിലും സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധികളെ കണ്ടെത്തിയതില്‍ അപാകതയുണ്ടെന്ന് കോടതി കണ്ടെത്തിയത് സി പി എമ്മിനും എസ് എഫ് ഐക്കും പിടിവള്ളിയായി മാറിയിരുന്നു. എ ബി വി പിക്കാരെ സിന്‍ഡിക്കേറ്റില്‍ തിരുകിക്കയറ്റാന്‍ ഗവര്‍ണര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണം.
തിരഞ്ഞെടുപ്പ് കാലത്ത് ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിന് ശമനമുണ്ടായെങ്കിലും വീണ്ടും ഇത് ശക്തിപ്രാപിച്ചിരിക്കയാണ്. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്ന ബില്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചതോടെ ഗവര്‍ണറെ സര്‍വ്വകലാശാലകളുടെ തലപ്പത്തുനിന്നും മാറ്റാനുള്ള അവസാന അടവും പാളിയിരുന്നു.
സര്‍വ്വകലാശാല വി സി നിയമനത്തില്‍ നിയമപരമായി അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ചാന്സിലറാണെന്നാണ് കോടതി യുടെ നിരീക്ഷണം. കോടതിയുടെ ഈ നിരീക്ഷണത്തെ മുന്‍നിര്‍ത്തിയാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റിക്ക് രൂപം നല്കാന് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് വീണ്ടും കോടതിയിലേക്ക് നീളുകയാണ്.
ആറ് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണ്ണറുടെ നടപടി സര്‍ക്കാര്‍ ചോദ്യം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയതോടെ വീണ്ടും നിയമ പോരാട്ടത്തിലേക്കെന്ന സന്ദേശമാണ് നല്‍കിയത്. അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യം ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ അറിയിച്ചതോടെ വരും ദിവസങ്ങളില്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ വിഷയം ഗവര്‍ണായി മാറും. സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ആറ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനാണ് ഗവര്‍ണ്ണര്‍ കഴിഞ്ഞദിവസം സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. കേരള, എം ജി, കെ ടി യു, കാര്‍ഷിക, ഫിഷറീസ്, മലയാളം എന്നീ ആറ് സര്‍വകലാശാലകളിലെ വിസിമാരെ തീരുമാനിക്കാനാണ് സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കിയിരിക്കുന്നത്. യുജിസിയുടെയും ചാന്‍സലറുടെയും നോമിനികളെ ഉള്‍പ്പെടുത്തിയായിരുന്നു രാജ്ഭവന്റെ വിജ്ഞാപനം. ഈ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയില്‍ അറിയിക്കുകയും ചെയ്തു.

സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. മേരി ജോര്‍ജ്ജ് നല്കിയ ഹര്‍ജിയിലാണ് അഡ്വക്കറ്റ് ജനറല്‍ നിലപാട് അറിയിച്ചത്. യുജിസി നിയമമനുസരിച്ച് സെര്‍ച്ച് കമ്മിറ്റി നിയമനത്തെക്കുറിച്ച് നേരിട്ട് പറഞ്ഞിട്ടില്ല. ഭരണഘടനയുടെ രണ്ടാം പട്ടിക അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനാ വിഷയമാണ് സര്‍വകലാശാല. ഭരണഘടനയുടെ അനുച്ഛേദം 162 അനുസരിച്ച് സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആണ് അധികാരം. കേരള, എംജി സര്‍വകലാശാലകളില്‍ മൂന്നംഗം സെര്‍ച്ച് കമ്മിറ്റിയാണ് രൂപീകരിക്കേണ്ടത്. ഗവര്‍ണ്ണര്‍ രൂപീകരിച്ചത് രണ്ടംഗ സെര്‍ച്ച് കമ്മിറ്റിയെ മാത്രം. സിന്‍ഡിക്കറ്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താതെയുള്ള സെര്‍ച്ച് കമ്മിറ്റി നിയമ വിരുദ്ധവും അമിതാധികാര പ്രയോഗവുമാണ്. സാങ്കേതിക, കാര്‍ഷിക, ഫിഷറീസ്, മലയാളം സര്‍വകലാശാലകളില്‍ വിസിമാരെ നിയമിക്കാന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഗവര്‍ണ്ണറുടെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കന്നതോടെ പോരാട്ടം കനകക്കും. ഇതിനിടയില്‍ കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി അവസാനിക്കാന്‍ രണ്ട് മാസം ബാക്കി നില്‍ക്കെ ഈ പോരാട്ടം എവിടെവരെയെന്ന ചോദ്യവും ഉയരുന്നുണ്ട്.