സിപിഎമ്മിനെയും ഇടതുമുന്നണിയേയും ഇന്ന് നയിക്കുന്നത് പിണറായി വിജയനാണ്. നയിക്കുന്നുവെന്നല്ല അടക്കിവാഴുന്നുവെന്ന പ്രയോഗമാകും ഒന്നുംകൂടി ചേരുക. പാർട്ടിക്കുള്ളിൽ ഒരു ഏകാധിപതിയെപ്പോലെ പിണറായി നിലകൊള്ളുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയാകുന്നു. വിവിധ വകുപ്പുകളും മന്ത്രിമാരും ഉണ്ടെന്നിരിക്കെ എല്ലാത്തിലും തീരുമാനങ്ങൾ എടുക്കുന്നത് മുഖ്യമന്ത്രി മാത്രമാണ്. ഇതര മന്ത്രിമാർക്കും വകുപ്പുകൾക്കും യാതൊരു പ്രസക്തിയും ഇല്ലാത്ത പിണറായിക്കാലം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പോലും ബഹിഷ്കരിച്ചിരുന്നു. അത്രമേൽ എതിർപ്പ് പിണറായി വിജയന്റെ ഏകാധിപത്യ സ്വഭാവത്തോട് പാർട്ടിയിലെ മറ്റു നേതാക്കൾക്കുണ്ട്. സമ്മേളനത്തിന്റെ നിയന്ത്രണം പൂര്‍ണമായും പിബി അംഗമായ പിണറായി വിജയന് കൈയടക്കുകയായിരുന്നു. ഉദ്ഘാടനവും പ്രതിനിധികളോടുള്ള ആമുഖ പ്രസംഗവും നിര്‍വഹിച്ചത് പിണറായി വിജയനായിരുന്നു. സമ്മേളനത്തിന്റെ സമാപനമായി നടത്തിയ പൊതുസമ്മേളനം കൂടി പിണറായി ഉദ്ഘാടനം ചെയ്തതോടെ സംസ്ഥാന സെക്രട്ടറിക്ക് യാതൊരു റോളുമില്ലാതായി.
ഗോവിന്ദനെ കാഴ്ചക്കാരനാക്കിയാണ് പിണറായി സമ്മേളനം കൈപ്പിടിയിലാക്കിയത്.സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാന സെക്രട്ടറി പാർട്ടി സമ്മേളനത്തിൽ നിന്നും പുറത്തായത്. ആലപ്പുഴയിലെ വിഭാഗീയതയിൽ താൻ കളത്തിന് പുറത്താകുമെന്ന് മനസിലാക്കിയാണ് പിണറായി രംഗത്തെത്തുകയും ഗോവിന്ദനെ പുറത്താക്കി സമ്മേളനത്തിന്റെ ചുക്കാൻ കൈയിലെടുക്കുകയും ചെയ്തത്.ഇത് ഗോവിന്ദനുള്ള മുന്നറിയിപ്പായിരുന്നു. എന്നാൽ ഗോവിന്ദനാകട്ടെ ഒരു ആശങ്കയുമില്ലാതെ പിണറായി വിരുദ്ധരുടെ കൂട്ടായ്മയുണ്ടാക്കി ഭാവിയെ നേരിടാൻ ഇറങ്ങുകയാണ്. ആലപ്പുഴയിലെ സമ്മേളനത്തിൽ നിന്നും ബഹിഷ്ക്കരിക്കുക വഴി താൻ പിണറായിയെ ഭയക്കില്ലെന്ന വ്യക്തമായ സന്ദേശം നൽകുകയും ചെയ്തു. പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ സര്‍ക്കാരിനെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിനിധികള്‍ ധൈര്യം കാണിച്ചതുമില്ല.വിമര്‍ശനങ്ങള്‍ തീരെ കുറവായിരുന്നതിനാല്‍ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചകള്‍ വിചാരിച്ചതിലും മണിക്കൂറുകള്‍ക്ക് മുന്‍പ് അവസാനിച്ചു. ചര്‍ച്ചകളെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. ചര്‍ച്ചകള്‍ ക്രിയാത്മകമായി. മുന്‍പത്തെ സമ്മേളനങ്ങളിലെ ചര്‍ച്ചകള്‍ പോലെയല്ല ഇത്തവണ നടന്നത്. വ്യക്തി വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണമാണ്, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കണ്ണൂരിലെ ഒരു കൂട്ടം നേതാക്കളുടെ അകമഴിഞ്ഞ പിന്തുണ ഗോവിന്ദനുണ്ട്.
തന്നെ പിണറായിയുടെ ഓഫീസിലെ ശുദ്ധീകരണത്തിന് ഇറക്കിവിട്ടത് സിപിഎമ്മിലെ ചില പ്രമുഖ നേതാക്കളാണെന്ന അൻവറിന്റെ പരസ്യ പ്രസ്താവനയെ ഇവിടെ ഓർക്കേണ്ടതുണ്ട്. കണ്ണൂർ രാഷ്ട്രീയത്തെ നിയന്ത്രിച്ച മൂവർ സംഘമാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും. ഇതിൽ കോടിയേരി മരണപ്പെട്ടു. പിണറായിക്ക് ഇടവും വലവും നിന്ന് പടനയിച്ചവരിൽ പ്രധാനിയായിരുന്നു ഇ പി ജയരാജൻ. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇപിക്ക് പുറത്തേക്കുള്ള വഴിതുറന്നത് സിപിഎമ്മിന്റെ കണ്ണൂർ കോട്ടയിലുണ്ടാക്കിയ വിള്ളൽ ചെറുതല്ല. വലതുപക്ഷ വ്യതിയാനത്തിനെതിരെ വിഎസ് വിമർശനം ഉയർത്തിയപ്പോൾ അദ്ദേഹത്തിന്റെ എല്ലാ തന്ത്രങ്ങളെയും മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിച്ചത് പിണറായി വിജയൻ നേതൃത്വം നൽകിയ കണ്ണൂർ പടയായിരുന്നു. വിഎസിന് ഒപ്പം നിന്നവരിൽ പലർക്കും അധികാരസ്ഥാനങ്ങൾ പങ്കുവെച്ച് തനിക്കൊപ്പം നിർത്തുന്നതിൽ പിണറായി വിജയൻ വിജയിക്കുകയായിരുന്നു. അങ്ങനെ വിഎസിനെ കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയം കണ്ട ശേഷം മുഖ്യമന്ത്രി പദത്തിലേക്കും സർവ്വ ആധിപത്യത്തിലേക്കും വിജയൻ എത്തുകയായിരുന്നു. കോടിയേരി മരിച്ചതോടെ കളത്തിൽ പിണറായി ഒറ്റയ്ക്കായി.ഇവിടെയാണ് പി ജയരാജന്റെ ആദർശ വഴിയിലൂടെ സഞ്ചരിക്കുന്ന എം വി ഗോവിന്ദന്റെ കടന്നുവരവ്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായെങ്കിലും യാതൊരു അധികാരവും ശബ്ദവും ഇല്ലാത്ത ഒരാളായി ഗോവിന്ദൻ മാറുകയായിരുന്നു. പാർട്ടി വലതു പക്ഷ വ്യതിയാനത്തിന്റെ നീരാളി പിടുത്തത്തിലായപ്പോൾ പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് മടങ്ങി കൊണ്ടുവരാനാണ് എം വി ഗോവിന്ദൻ ശ്രമിക്കുന്നത്. ഇത് പിണറായിയുടെ ലൈനിന് വിരുദ്ധമാണ്. ഗോവിന്ദന്റെ നീക്കങ്ങൾ തന്റെ തലയ്ക്ക് മണ്ടയിലൂടെയാണെന്ന് പിണറായിക്കറിയാം. പക്ഷേ അത് നിയന്ത്രിക്കാൻ പിണറായിക്ക് കഴിയില്ല.കാരണം പോരാട്ടത്തിൽ പിണറായി ഒറ്റയ്ക്കാണ്. പാർട്ടി സമ്മേളനങ്ങളിൽ പിണറായിക്കെതിരെ ശക്തമായ ആക്ഷേപങ്ങളാണ് ഉയർന്നത്.
പ്രതിനിധികൾ ഒരുഭാഗവും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ചിരുന്നു. ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചും പാര്‍ട്ടി സെക്രട്ടറിയെ പരിഹസിച്ചും സിപിഎം തിരുവനനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികൾ രംഗത്തെത്തിയിട്ടും പാർട്ടിക്ക് മിണ്ടാട്ടമുണ്ടായില്ല. അതായത് പ്രവർത്തകർ തന്നെ പാർട്ടിയെ തിരുത്തുകയാണ്. ഇത്തരം തിരുത്തലുകൾക്കാണ് ഇനി കാലമെന്ന് ഗോവിന്ദൻ വിശ്വസിക്കുന്നു. അതാണ് പി. ജയരാജനും ചെയ്തു കൊണ്ടിരിക്കുന്നത്.എം വി ഗോവിന്ദൻ്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കിൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ പോകണമെന്നാണ് തലസ്ഥാനത്തെ വനിതാ നേതാവ് തുറന്നടിച്ചത്.. കരുത്തനായ മന്ത്രിയുണ്ടായിട്ടും പൊതുവിഭ്യാഭ്യാസ ഡയറക്ടരുടെ ഭരണമാണെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെതിരായ വിമര്‍ശനം.സര്‍ക്കാര്‍ ശൈലിയും വകുപ്പുകളുടെ പ്രവര്‍ത്തനവും സംബന്ധിച്ച് നിശിതമായ വിമര്‍ശനമാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. മറ്റു ജില്ലാ സമ്മേളനങ്ങളിലും സർക്കാരിനെതിരായ വിമർശനങ്ങൾ ഉയർന്നുവന്നെങ്കിലും അത് വാർത്തയാകാതെ ഇരിക്കുവാൻ പ്രത്യേക ജാഗ്രത നിർദേശം മുഖ്യമന്ത്രി നൽകിയിരുന്നു. ഏറ്റവും വലിയ പൊട്ടിത്തെറിയും വിമർശനങ്ങളും ഉണ്ടാകുമെന്ന് കരുതിയ ആലപ്പുഴ സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് പങ്കെടുത്ത് അത്തരം നീക്കങ്ങളെ തകർക്കുകയായിരുന്നു . ഉയരുന്ന വിമർശനങ്ങൾ എല്ലാം മുഖ്യമന്ത്രിക്കെതിരെ മാത്രമാണ്.
ഗോവിന്ദനെതിരെ ആരും വ്യക്തിപരമായി ആരോപണം ഉന്നയിക്കുന്നില്ല. അതിനാൽ പാർട്ടിയുടെ ഭാവി തന്റെ കൈയിൽ സുരക്ഷിതമാണെന്ന് ഗോവിന്ദനറിയാം. പാർട്ടിക്കുള്ളിൽ നിന്നുതന്നെ തനിക്കെതിരെ നീക്കങ്ങൾ ശക്തമാകുന്നതിൽ പിണറായി അസ്വസ്ഥനാണ്. പിണറായി വിജയനെതിരെ ബോധപൂർവമായ നീക്കം പാർട്ടിയിൽ നടക്കുന്നുവെന്ന സംശയം ഒരു വിഭാഗം നേതാക്കൾക്കുണ്ട് . ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ഒറ്റ സീറ്റിൽ ഒതുങ്ങേണ്ടിവന്നതിന്റെ കാരണങ്ങളിൽ പ്രധാനം ഭരണവിരുദ്ധ വികാരമാണെന്ന് കേന്ദ്ര–സംസ്ഥാന കമ്മിറ്റികൾ വിലയിരുത്തിയതിന്റെ പിന്നാലെ സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റികളിലും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഏരിയ കമ്മിറ്റി യോഗങ്ങളിലും കടുത്ത ആക്ഷേപങ്ങളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഉയരുന്നത്.ഈ വിമർശനങ്ങൾ ആസൂത്രിതമാണെന്ന ആക്ഷേപം മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവർക്കില്ല. എന്നാൽ, പാർട്ടി–ഭരണ നേതൃത്വങ്ങൾക്കെതിരെ കൂട്ടായ വിമർശനം ഉയരുന്ന യോഗങ്ങളിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ മുഖ്യനെതിരെ മാത്രം ഉള്ളതാണെന്നത് ബോധപൂർവ്വമായ ചില ലക്ഷ്യങ്ങൾ വെച്ചുള്ള നീക്കങ്ങൾ ആണെന്ന് പിണറായിക്കൊപ്പം ഉള്ളവർ മനസ്സിലാക്കുന്നു. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുവാനുള്ള ശ്രമങ്ങളും പിണറായിയും കൂട്ടരും തുടങ്ങി കഴിഞ്ഞിരിക്കുന്നു. അപ്പോഴും ഇപ്പോഴും ഗോവിന്ദൻ മൗനത്തിലാണ്. ഈ മൗനം പിണറായിയെ വെട്ടിവിഴുത്തുവാനുള്ള മൗനം ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തുന്നത്
ഗോവിന്ദൻ പുറത്ത്; ഇത് പിണറായിക്കാലം…!
ഗോവിന്ദനെ കാഴ്ചക്കാരനാക്കിയാണ് പിണറായി സമ്മേളനം കൈപ്പിടിയിലാക്കിയത്.

Leave a comment
Leave a comment