തിരുവനന്തപുരം: അതിവേഗപാതകളിൽ പുതിയ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന വാദങ്ങളൊക്കെ തള്ളികൊണ്ട് സ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി.
കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്റെ ആവശ്യപ്രകാരം സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം വന്നിരിക്കുന്നത്.
ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിയിച്ചത്. പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.
ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ, സീൽറ്റ് ബെൽറ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളിൽ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്.
ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് പുതിയ തീരുമാനമെടുത്തത്. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂർ മാടായി ഏര്യ കമ്മിറ്റി നൽകി അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന ലാഘവത്തോടെയുള്ള നിബന്ധവെച്ചാണ് തീരുമാനം. സിഐടിയുവിന്റെ സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനം.