വായു മലിനീകരണം മൂലം വലയുന്ന ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍കൊണ്ട് സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തില്‍ അനുമതി തേടി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് കത്തെഴുതി. പുക മഞ്ഞ് ഒഴിവാക്കാന്‍ കൃത്രിമ മഴ മാത്രമാണ് മാര്‍ഗമെന്ന് സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് കത്തില്‍ ചൂണ്ടിക്കാട്ടി.
വായു മലിനീകരണം കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി വീട്ടിലിരുന്ന് ജോലി ചെയ്യും. നഗരത്തിന്റെ പല ഭാഗങ്ങളിലും വായുഗുണനിലവാര സൂചിക 500നും മുകളിലാണ്. ശ്വാസതടസ്സം ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ച് വരുകയാണ്.