കൊച്ചി: പ്രാഥമിക പരിശോധന പോലും നടത്താതെയാണ് പൊലീസ് തനിക്കെതിരെ കേസെടുത്തതെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. പാതി വില തട്ടിപ്പ് കേസിൽ പ്രതിച്ചേർത്ത സംഭവത്തിൽ കള്ളപ്പരാതിയിലാണ് പൊലീസ് നടപടിയെന്ന് സി എൻ രാമചന്ദ്രൻ നായർ ആരോപിച്ചു.എൻജിഒ കോൺഫെഡറേഷന്റെ ഉപദേഷ്ടാവ് ആയിരുന്നു ഞാൻ. ഫെഡറേഷന്റെ രക്ഷധികാരിയല്ല. തെറ്റിദ്ധാരണയാണോ മറ്റെന്തെങ്കിലും ആണോ കേസെടുക്കാൻ കാരണമെന്ന് എന്നറിയില്ലന്ന് അദ്ധേഹം പറഞ്ഞു.
മുനമ്പം കമ്മിഷന്റെ പ്രവർത്തനം മുടക്കാൻ ഒരുപാട് പേർ ഉണ്ടായിരുന്നു. മുനമ്പം കമ്മീഷൻ ആയതുകൊണ്ടാണോ കേസ് വന്നതെന്ന് സംശയിക്കുകയാണ്. പൊലീസിന്റെ നടപടി തിടുക്കത്തിലുള്ളതായിരുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.തട്ടിപ്പ് കേസിലെ പ്രതി അനന്ദു കൃഷ്ണൻ പങ്കെടുത്ത യോഗങ്ങളിൽ സ്വാഗതം പറഞ്ഞുവെന്ന് മാത്രമേയുള്ളു. അനന്തു കൃഷ്ണനുമായി ഒരുരീതിയിലുള്ള ബന്ധവുമില്ല. സായിഗ്രാം ഡയറക്ടർ ആനന്ദകുമാറുമായി പരിചയമുണ്ട്. 2024 ൽ കോൺഫെഡറേഷനുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഉപദേഷ്ടാവ് ആയിരുന്നു. പണം പിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അന്ന് ബന്ധം ഉപേക്ഷിച്ചത്. പൊലീസ് ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പെരിന്തൽമ്മണ്ണ പൊലീസാണ് പാതി വില തട്ടിപ്പിൽ റിട്ടേർഡ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെതിരെ കേസെടുത്തത്. വലമ്പൂർ സ്വദേശി ഡാനിമോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഡാനിമോൻ പ്രസിഡന്റായ കെഎസ്എസ് അങ്ങാടിപ്പുറം എന്ന ഏജൻസിയിലൂടെ 34 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 2024 ഏപ്രിൽ മുതൽ നവംബർ മാസം വരെ പല തവണകളായി പണം തട്ടിയെന്നാണ് പരാതി. നാഷണൽ എൻജിഒ കോൺഫഡറേഷൻ മലപ്പുറം രക്ഷാധികാരിയെന്ന പേരിലാണ് സി.എൻ രാമചന്ദ്രൻ നായരെ കേസില്‍ മൂന്നാം പ്രതിയാക്കിയത്. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ അനന്തകുമാര്‍ കേസില്‍ ഒന്നാം പ്രതിയും അനന്തു കൃഷ്ണനെ രണ്ടാം പ്രതിയുമാണ്.