ജിദ്ദ: പാതിവില തട്ടിപ്പ് കേസിലെ പ്രതികള്‍ വാഗ്ദാനങ്ങളുമായി തെന്നെയും സമീപിച്ചിരുന്നുവെന്ന് ഷാഫി പറമ്പില്‍ എം പി. വിവാദ തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജിദ്ദയിലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഷാഫി ഇക്കാര്യം വ്യക്തമാക്കിയത്.
‘പാതിവില തട്ടിപ്പ് കേസിലെ പ്രതികള്‍ വാഗ്ദാനങ്ങളുമായി എന്നെയും സമീപിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് വിവാദമായ തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത്. ജനപ്രതിനിധി എന്ന നിലയില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന ധാരണയില്‍ പലപ്പോഴും എം.എല്‍.എമാരും എം.പിമാരും ഇത്തരം കാര്യങ്ങളില്‍ ഇടപെടാറുണ്ട്. വിശ്വാസത്തിന്റെ പേരില്‍ നല്ലത് പ്രതീക്ഷിച്ചു ഇടപെടുന്ന പലകാര്യങ്ങളും ചിലപ്പോൾ ദോഷം ചെയ്യാറുണ്ട്. പാതിവില തട്ടിപ്പില്‍ സംഭവിച്ചതും ഇതൊക്കെത്തന്നെയാണ്. അറിഞ്ഞുകൊണ്ട് ഒരു ജനപ്രതിനിധിയും തട്ടിപ്പിന് കൂട്ടുനിന്നു എന്ന് വിശ്വസിക്കുന്നില്ല.’ ഷാഫി പറമ്പില്‍ പറഞ്ഞു.
പാതിവില തട്ടിപ്പില്‍ മൊത്തം 159 കോടി രൂപയുടെ ഇടപാട് നടന്നുവെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 12 ഇടങ്ങളില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.