ഗസ്സസിറ്റി : തെക്കൻ ഗസ്സയിലെ റഫയിലെ താൽ അൽ സുൽത്താനിലെ കെട്ടിടത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ മൂന്നുപേരിൽ ഒരാൾ സിൻവാറാണെന്നാണ് സ്ഥിരീകരിച്ച് ഹമാസ്. ഹമാസിന്റെ ഗസ്സയിലെ മേധാവി ഖലീൽ ഹയ്യ ആണ് ഇതു സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്.
ബുധനാഴ്ച രാത്രി തെക്കൻ ഗസ്സയിലുള്ള സതേൺ കമാൻഡ് 828-ാം ബ്രിഗേഡിലെ ഇസ്രായേൽ സൈനികരാണ് ആക്രമണം നടത്തിയത്. ഹമാസിന്റെ ഏറ്റവും കരുത്തനും കാർക്കശ്യക്കാരനുമായ നേതാവായിരുന്നു സിൻവാർ. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ തൂഫാനുൽ അഖ്സ ഓപറേഷന്റെ സൂത്രധാരനെന്ന് ഇസ്രായേൽ ആരോപിക്കുന്ന നേതാവാണ് സിൻവാർ.
ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ഹമാസ് മേധാവിയായി ചുമതലയേറ്റത്. 23 വർഷം ഇസ്രായേൽ ജയിലിൽ കിടന്ന അദ്ദേഹം ഹീബ്രു പഠിക്കുകയും ഇസ്രായേൽ കാര്യങ്ങളിലും ആഭ്യന്തര രാഷ്ട്രീയത്തിലും അവഗാഹം നേടുകയും ചെയ്തു.