കണ്ണൂര്‍: പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി കെ ശ്രീമതി. ദിവ്യക്ക് ഇപ്പോള്‍ ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കില്‍ വിഷമം ഉണ്ടാക്കിയേനെ എന്നും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പി കെ ശ്രീമതി പറഞ്ഞു.
ദിവ്യയുടെ ഭാഗത്തുനിന്നും മനപ്പൂര്‍വമുണ്ടായ സംഭവമല്ല. സംഭവിച്ച പാകപ്പിഴകളെ പാര്‍ട്ടി പരിശോധിച്ച് അപാകതകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തരംതാഴ്ത്തല്‍ നടപടി സ്വീകരിക്കുന്നതെന്നും ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി.
അതേസമയം കര്‍ശന ഉപാധികളോടെയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും പി പി ദിവ്യ 10 മണിക്കും 11 മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കണമെന്നാണ് പ്രധാന ഉപാധി. ദിവ്യ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തു പോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു.