കൊച്ചി: അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടനും എംഎല്‍എയുമായ മുകേഷിനെതിരെ പീഡനപരാതി നല്കിയ
നടി രംഗത്ത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപെടലുകളെ വിമര്‍ശിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ശബ്ദ സന്ദേശത്തിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അന്വേഷണ സംഘം നിരന്തരം ശല്യം ചെയ്യുന്നുവെന്നും തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കാന്‍ പോലും അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്നും ശബ്ദ സന്ദേശത്തില്‍ ആരോപിക്കുന്നുണ്ട്.
കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോള്‍ അന്വേഷണ സംഘം അപ്പീലിന് പോകുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ തന്റെ ആത്മവിശ്വാസം പോയെന്ന് നടി പറഞ്ഞു. അതിനാലാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ജാമ്യം നല്കിയ ഉത്തരവിനെതിരെ എന്തുകൊണ്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയില്ലെന്നും അന്വേഷണ സംഘത്തിന്റെ ഇടപെടലുകള്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും അവര്‍ പറയുന്നു.