കോഴിക്കോട്: യുവാവ് നല്കിയ പീഡന പരാതിയില്‍ സംവിധായകന് രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്.യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍.
സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വച്ച് സംവിധായകന് രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി. മദ്യം നല്കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് പരാതിയില്‍ പറഞ്ഞിരുന്നത്. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കിയിരുന്നു.