ന്യൂഡല്‍ഹി: ഹിന്ദി ചലച്ചിത്ര മേഖലയോടുള്ള അതൃപ്തി വെളിപ്പെടുത്തി നിര്‍മാതാവും സംവിധായകനുമായ അനുരാഗ് കശ്യപ്. ഹിന്ദി സിനിമ വ്യവസായത്തോട് വെറുപ്പായെന്നും ദക്ഷിണേന്ത്യയിലേക്ക് മാറാന്‍ പദ്ധതിയുണ്ടെന്നും ഒരു അഭിമുഖത്തില്‍ അനുരാഗ് പറഞ്ഞു.
കലയെ ലാഭമുണ്ടാക്കുന്ന യന്ത്രമായി തരംതാഴ്ത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു. അടുത്തവര്‍ഷം മുംബൈ വിടാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. നല്ല സിനിമകള്‍ ഉള്ള സൗത്തിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നു എന്നും വ്യക്തമാക്കി.
മഞ്ഞുമ്മല്‍ ബോയ്സ് പോലുള്ള ഒരു സിനിമ ബോളിവുഡ് ഒരിക്കലും ചിന്തിക്കില്ല. എന്നാല്‍ ഹിറ്റായാല്‍ റീമേക്കുമായി വരും. ബോളിവുഡ് പുതിയതായി ഒന്നും പരീക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ തിയറ്ററിൽ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന ആഷിക് അബുവിന്റെ റൈഫിൾ ക്ലബ്ബും, മഹാരാജ എന്ന തമിഴ് ചിത്രവുമാണ് അദ്ദേഹം അഭിനയിച്ച് അടുത്തിടെ തെന്നിന്ത്യയിൽ ഓളം സൃഷ്ടിച്ച സിനിമകൾ.