ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുന്നു എന്ന വാർത്തകൾ പുറത്തു വരാൻ തുടങ്ങിയിട്ട് കാലങ്ങളെറെയായി. അംബാനി കല്ല്യാണത്തിലടക്കം പൊതുവേദികളിൽ ദമ്പതികളെ ഒരുമിച്ച് കാണാത്തതാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണം. ഇപ്പോഴിതാ വേർപിരിയൽ വാർത്തകളെ എല്ലാം തളളി ഒരു വിവാഹത്തിൽ ഐശ്വര്യയും അഭിഷേകും ഒന്നിച്ച് നൃത്ത ചുവടുകള്‍ വയ്ക്കുന്ന വീഡിയോ വൈറലാകുകയാണ്.
ഐശ്വര്യയുടെ കുടുംബത്തിലെ ഒരു വിവാഹത്തിൽ എത്തിയതാണ് ദമ്പതികൾ. താരങ്ങൾ ഒന്നിച്ചഭിനയിച്ച പ്രശസ്തമായ ബണ്ടി ഔര്‍ ബബ്ലി എന്ന ചിത്രത്തിലെ “കജ്റാ റെ” ഗാനത്തിലെ ഐക്കണിക് നൃത്തചുവടുകളാണ് മകൾ ആരാധ്യ ബച്ചനുമായി ചേർന്ന് ഇരുവരും വേദിയില്‍ അവതരിപ്പിച്ചത്.
ചൊവ്വാഴ്ച ഓൺലൈനിൽ വൈറലായ ഒരു വീഡിയോയിലാണ് വിവാഹാഘോഷത്തിൽ ഐശ്വര്യയും അഭിഷേകും പങ്കെടുക്കുന്നത് കാണാം. വിവാഹത്തിന് എത്തിയ ആളുകള്‍ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ഐശ്വര്യ-അഭിഷേക് ജോഡിയുടെ കെമിസ്ട്രിയും നോസ്റ്റാള്‍ജിയയും എല്ലാം തിരിച്ചുവരുന്നതാണ് ഈ വീഡിയോ എന്നാണ് പലരും കമന്റ് ചെയ്യുന്നത്.