തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് ചേരിപ്പോര് രൂക്ഷമാകുന്നതിനിടയില്‍ വീണ്ടും എഫ്ബി പോസ്റ്റുമായി ഭക്ഷ്യവകുപ്പ് സെപ്ഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്. ‘കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ’ എന്നുതുടങ്ങുന്ന പോസ്റ്റാണ് പ്രശാന്ത് പങ്കുവെച്ചിരിക്കുന്നത്. കാംകോ കള പറിക്കല്‍ യന്ത്രത്തിന്റെ ചിത്രം സഹിതം അടങ്ങിയ പോസ്റ്റില്‍ ആരുടെയും പേര് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല.
ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞുവെന്നും പ്രശാന്ത് പോസ്റ്റില്‍ പറയുന്നു.
അതേസമയം ഐഎഎസ് തലപ്പത്തേ ചേരിപ്പോരില്‍ മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്കി. ചട്ടലംഘനം നടത്തി പരസ്യ വിമര്‍ശനം നടക്കുന്നതായുള്ള വസ്തുതാ റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി നല്‍കിയത്.