തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടർന്ന ശക്തമായ മഴക്ക് ശമനം. രണ്ട് ജില്ലകളിൽ മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയുണ്ടാവും. കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഉയർന്ന തിരമാലക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
24നും കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ദുർബലമാകുമെന്നാണ് പ്രവചനം. അതേസമയം മാസം അവസാനത്തോടെ വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.