സിനിമയിൽ നിന്നു പിന്മാറിയിട്ടും ചിത്രീകരിച്ച ഇന്റിമേറ്റ് സീനുകൾ ഡിലീറ്റ് ചെയ്യില്ലെന്ന് ഭീഷണിപ്പെടുത്തിയതായി നടിയുടെ വെളിപ്പെടുത്തൽ. സിനിമയ്ക്കായി ചിത്രീകരിച്ച രംഗങ്ങൾ വച്ച് തന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നതായും നടി ആരോപിച്ചു. സർക്കാർ പുറത്തു വിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിലാണ് നടിയുടെ വെളിപ്പെടുത്തലുള്ളത്.
സിനിമയുടെ സെറ്റിൽ നേരിടേണ്ടി വന്ന ദുരനുഭവം ഹേമ കമ്മിറ്റിക്ക് മുൻപാകെയാണ് നടി വെളിപ്പെടുത്തിയത്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വളരെ ഇന്റിമേറ്റ് ആയ രംഗങ്ങൾ ഉണ്ടെന്ന് സംവിധായകൻ പറഞ്ഞിരുന്നു. എന്നാൽ, ആ രംഗങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സംവിധായകൻ തയാറായില്ല. എങ്കിലും, തന്റെ സമ്മതപ്രകാരമെ അത്തരം രംഗങ്ങൾ ചിത്രീകരിക്കൂ എന്ന് സംവിധായകൻ ഉറപ്പു നൽകി.
മൂന്നു മാസങ്ങൾക്കു ശേഷം ചിത്രത്തിൽ നഗ്നതാപ്രദർശനവും ലിപ്ലോക്ക് രംഗവും ഉണ്ടെന്നും ശരീരഭാഗങ്ങൾ എക്സ്പോസ് ചെയ്യുന്ന സീനുകൾ ഉണ്ടാകുമെന്നും സംവിധായകൻ അറിയിച്ചു. തുടർന്ന്, ഒരു ചുംബനരംഗത്തിൽ അഭിനയിക്കാനും ശരീരത്തിന്റെ പിൻഭാഗം തുറന്നുകാട്ടാനും താൻ നിർബന്ധിതയായെന്ന് നടി പറയുന്നു. അടുത്ത ദിവസം നഗ്ന ദൃശ്യവും ഒരു ബാത്ത് ടബ് സീനും ചിത്രീകരിക്കുമെന്ന് സംവിധായകൻ പറഞ്ഞതോടെ പ്രതിഫലം പോലും വാങ്ങാതെ സിനിമ ഉപേക്ഷിക്കുകയായിരുന്നുവെന്ന് നടി വെളിപ്പെടുത്തി.