ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ ഇന്ന് പുറത്തുവിട്ടേക്കും. 4 പേജുകളും 11 ഖണ്ഡികയുമാണ് പുറത്തുവിടുന്നത്. മാധ്യമപ്രവര്‍ത്തകരുടെ അപ്പീലുകള്‍ പരിഗണിച്ച് മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഇന്ന് രാവിലെ 11 മണിക്ക് ഉത്തരവിറക്കും. വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്കിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ ഭാഗങ്ങള്‍ നല്‍കുക.
295 പേജുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ബാക്കിയുള്ളവ നല്‍കാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷന് ഉത്തരവിട്ടത്. ഇത് അനുസരിച്ചാണ് സര്‍ക്കാര്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ നീക്കം ചെയ്തത്.
നീക്കം ചെയ്ത പേജുകള്‍ പുറത്തുവരണമെന്നായിരുന്നു ഹിയറിങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ പ്രധാനമായി ഉന്നയിച്ചത്. ഇക്കാര്യത്തിലാണ് ഇന്ന് ഉത്തരവ് ഉണ്ടാകുന്നത്. ഇതിനൊപ്പം അപേക്ഷ നല്കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നീക്കം ചെയ്ത പേജിലെ വിവരങ്ങള്‍ കൈമാറിയേക്കുമെന്നാണ് സൂചന.