കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്ന് 70 അടി അകലത്തില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മ്മിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ക്രമസമാധാന പ്രശ്നം ചൂണ്ടികാട്ടി ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിക്കുന്ന 40 അടി ഉയരമുള്ള പാപ്പാഞ്ഞി നീക്കാന്‍ നേരത്തെ പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ സംഘാടകരായ ഗലാ ഡേ ഫോര്‍ട്ട് കൊച്ചി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പാപ്പാഞ്ഞിയെ നീക്കം ചെയ്യാനുള്ള നോട്ടീസ് നല്കാന് പൊലീസിന് കഴിയില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.