കൊച്ചി: കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വിപ്ലവ ഗാനത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഭക്തി ഗാനമേളയല്ലാതെ, സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തില്‍ ഗാനമേള വയ്ക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. വിപ്ലവം ഗാനം ആലപിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
ക്ഷേത്രോത്സവമാണ്, കോളജ് യൂണിയന് ഫെസ്റ്റിവല്‍ അല്ല. ഉത്സവങ്ങള്‍ ഭക്തിയുടെ കൂട്ടായ്മയാണ്. ദൈവത്തിനായി നല്കുന്ന പണം ധൂര്‍ത്തടിച്ച് കളയാനുള്ളതല്ല.പണം കൂടുതലുണ്ടെങ്കില്‍ അവിടെ വരുന്നവര്‍ക്ക് അന്നദാനം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. എന്തിനാണ് സ്റ്റേജില്‍ ഇത്രയും പ്രകാശ വിന്യാസമെന്നും ഹൈക്കോടതി ചോദിച്ചു. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണം.