കൊച്ചി: ലൈംഗികാതിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയില്‍ രൂക്ഷപരാമര്‍ശവുമായി ഹൈക്കോടതി. ബോബി ചെമ്മണ്ണൂര്‍ മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി പറഞ്ഞിട്ടുണ്ട്.
ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ബോബി ചെമ്മണ്ണൂര്‍ അന്‍പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം.
സാക്ഷികളെ സ്വാധീനിക്കരുത്, സമാന സ്വഭാവമുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസിന് കോടതിയെ സമീപിക്കാം തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.