കരിപ്പൂര്‍: സ്കൂള്‍ മധ്യവേനലവധി, പെരുന്നാള്‍, വിഷു എന്നിവ മുന്നിൽ കണ്ട് ഗള്‍ഫ് മേഖലയിൽ നിന്നുള്ള വിമാന നിരക്കിൽ അഞ്ചിരട്ടി വര്‍ധന. പ്രവാസികള്‍ കൂടുതലുള്ള ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുള്‍പ്പെടുന്ന ഗള്‍ഫ് സെക്ടറുകളിലേക്കുള്ള യാത്രാനിരക്കിലാണ് വർധനവ് ഏർപ്പെടുത്തിയത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് – കോഴിക്കോട് നിരക്ക് 21,000 രൂപയായിരുന്നത് 39,921 രൂപയായി. വിഷുദിനത്തില്‍ ടിക്കറ്റ് ഉണ്ടെങ്കിലും ഇന്‍ഡിഗോ അടക്കമുള്ള വിമാന കമ്പനികള്‍ 43,916 രൂപയാണ് നിരക്ക്. കോഴിക്കോട്-ദുബായ് നിരക്കും നാലിരട്ടി വര്‍ധിപ്പിച്ചു. 90,00-10,000ത്തിനും ഇടയില്‍ ലഭ്യമായിരുന്ന ടിക്കറ്റിന് 33,029 രൂപമുതല്‍ 42,000 രൂപവരെ നല്‍കണം.
ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കേരളത്തില്‍നിന്ന് 12,000 രൂപയ്ക്ക് താഴെ ടിക്കറ്റ് ലഭിച്ചിരുന്നത് 40,000 മുതല്‍ 60,000 വരെയായി ഉയര്‍ന്നു. നെടുമ്പാശ്ശേരി, കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള നിരക്കിലും വര്‍ധനയുണ്ട്.