കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും രണ്ടു പെൺമക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്ന് നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നല്കാൻ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിർദേശം നല്കി. പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയുമാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന്‍ മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. മരണത്തിലേക്ക് നയിച്ച കാരണങ്ങളില്‍ വ്യക്തതയില്ല. ഷൈനിയും ഭർത്താവ് തൊടുപുഴ സ്വദേശി നോബി ലൂക്കോസും തമ്മില്‍ പിരിഞ്ഞു കഴിയുകയാണ്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.