കൊച്ചി: മുന്‍ ഭാര്യയുടെ പരാതിയില്‍ നടന് ബാല അറസ്റ്റില്‍. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബാലയുടെ മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന് എന്നിവരെയും അറസ്റ്റ് ചെയ്തു.
മുന്‍ ഭാര്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. മുന്‍ ഭാര്യയുമായുള്ള പ്രശ്നം ബാല സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. കുട്ടിയുമായി നടത്തിയ പരാമര്‍ശങ്ങളും കേസിനാസ്പദമായിട്ടുണ്ട്. വീഡിയോകളില്‍ അപകീര്‍ത്തിപരമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തിയെന്നും പരാതിയില്‍ പറയുന്നു.