ഇടുക്കി: അമിത നിരക്കില്‍ പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാന്‍ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ജലവൈദ്യുത പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന വൈദ്യുതി മന്ത്രിയുടെ പ്രതികരണം. ചെറുകിട വൈദ്യുതി പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ഇടുക്കിയില്‍ പറഞ്ഞു.
സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആകെ സംഭരിക്കുന്നത് 3000 ടിഎംസി വെളളമാണ്. ഇതില്‍ വൈദ്യുതോത്പാദനത്തിനും ജലസേചനത്തിനും കൂടി ഉപയോഗിക്കുന്നതാകട്ടെ, 300 ടിഎംസി മാത്രവും. ഈ വസ്തുത നിലനില്‍ക്കെയാണ് ജലവൈദ്യുത പദ്ധതികള്‍ക്ക് കൂടുതല്‍ ശ്രദ്ധയൂന്നണമെന്ന മന്ത്രിയുടെ അഭിപ്രായം. ജലവൈദ്യുത പദ്ധതി വഴി ഒരു യൂണിറ്റ് ഉത്പാദിപ്പിക്കാന്‍ വേണ്ടത് 15 പൈസ. പുറമേ നിന്ന് അധിക വൈദ്യുതിക്ക് നല്‍കേണ്ടത് ചുരുങ്ങിയത് 55 പൈസയും. അനാവശ്യ വിവാദങ്ങള്‍ വഴി ജലവൈദ്യുത പദ്ധതികള്‍ മുടക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി നിയമസഭ പരിസ്ഥിതി സമിതി, ഇടുക്കിയിലെ ഡാമുകള്‍ സന്ദര്‍ശിച്ചു.