ന്യൂഡല്‍ഹി: ഒരു നവജാത ശിശുവിനെ ആശുപത്രിയില്‍നിന്നു കാണാതായാല്‍, ആദ്യം ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് സുപ്രീം കോടതി. കുട്ടികളെ കടത്തുന്ന കേസുകളില്‍ ദുഃഖം പ്രകടിപ്പിച്ച കോടതി, ഈ കേസുകളില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചു. കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ജാമ്യം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് ആര്. മഹാദേവന് എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ നടപടിയെയും കോടതി വിമര്‍ശിച്ചു. അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷകള്‍ ഉദാസീനമായി കൈകാര്യം ചെയ്തെന്ന് സുപ്രീംകോടതി പറഞ്ഞു. കേസില്‍പ്പെട്ട നിരവധി പ്രതികളെ കാണാനില്ലെന്നും ഈ പ്രതികള്‍ സമൂഹത്തിനു ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്ത രീതിയിലും ബെഞ്ച് നിരാശ പ്രകടിപ്പിച്ചു.
കുട്ടികളെ കടത്തുന്നതു തടയുന്നതിനുള്ള വിശദമായ ശുപാര്‍ശകള്‍ വിധിന്യായത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് പര്‍ദിവാല, അവ എത്രയും വേഗം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത വിചാരണകളുടെ സ്ഥിതി വ്യക്തമാക്കാന്‍ രാജ്യത്തുടനീളമുള്ള ഹൈക്കോടതികളോട് ബെഞ്ച് നിര്‍ദേശിച്ചു. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു.
ഇന്ത്യയില്‍ പ്രതിവര്‍ഷം 2,000 ഓളം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2022 ല്‍ ഇത്തരത്തിലുള്ള 2,250 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.