മലപ്പുറം: എം. അബ്ദുള്‍സലാം മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ചാല്‍ മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയാകുമെന്ന് ന്യൂനപക്ഷമോര്‍ച്ച അഖിലേന്ത്യാ അധ്യക്ഷന്‍ ജമാല്‍ സിദ്ദീഖി. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നേരിട്ടാണ് അബ്ദുള്‍സലാമിനോട് മലപ്പുറത്തെ സ്ഥാനാര്‍ഥിയാകാന്‍ ആവശ്യപ്പെട്ടത്. ജെ.പി. നദ്ദയും നരേന്ദ്രമോദിയും അബ്ദുള്‍സലാമിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങളുടെകൂടി സംരക്ഷണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വനിയമ ഭേദഗതി കൊണ്ടുവന്നത്. സി.എ.എ. വിഷയം ഉയര്‍ത്തിക്കാട്ടി മുസ്ലിം വിഭാഗത്തിനിടയില്‍ ഭീതി സൃഷ്ടിക്കാനാണ് ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നത്.
ഇരുമുന്നണികളും പ്രചരിപ്പിക്കുന്നത് സി.എ.എ. നിയമം ഇന്ത്യയിലെ മുസ്ലിങ്ങളെ പാകിസ്താനിലേക്ക് അയക്കുമെന്നാണ്. മറ്റു രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് നിയമംമൂലം സംരക്ഷണമുണ്ടാകും. യു.പി.എ. സര്‍ക്കാരുകളുടെ കാലത്ത് ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്ക് കടന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ അവര്‍ക്ക് പൗരത്വം നല്കാന് നമുക്കായിട്ടില്ല. ഈ നിയമം അതിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന് അധ്യക്ഷതവഹിച്ചു. അഡ്വ. വി.പി. ശ്രീപത്മനാഭന് മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് കാളിയത്ത്, സി. വാസുദേവന്‍, കെ. രാമചന്ദ്രന്, പ്രേമന്, പി. ശിവദാസന്‍, സുനില്‍കുമാര്‍, രശ്മില് നാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.