പാലക്കാട്: സഹോദരിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്. വീട്ടിലെ സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ അടിച്ച് മോന്ത പൊളിക്കും എന്നാണ് എംഎല്‍എ, പഞ്ചായത്ത് സെക്രട്ടറിയോട് പറയുന്നത്. പഞ്ചായത്ത് സെക്രട്ടറി ജഗദീഷ് തന്നെയാണ് എംഎല്‍എ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടിരിക്കുന്നത്.
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി പഞ്ചായത്ത് ഓഫീസിലെത്തിയ സഹോദരിയെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പറഞ്ഞ് അപമാനിച്ചതിന് പിന്നാലെയാണ് പഞ്ചായത്ത് സെക്രട്ടറിയോട് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് കയര്‍ത്തത്. സഹോദരിയോട് ലേറ്റ് മാരേജിന്റെ കാര്യവും വിദ്യാഭ്യാസ യോഗ്യതയും പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചെന്നാണ് എംഎല്‍എയുടെ ആരോപണം. പരിഹാസത്തെ തുടര്‍ന്ന് സഹോദരി കരഞ്ഞുകൊണ്ട് ഓഫീസ് വിടേണ്ട സഹചര്യമുണ്ടായെന്നും മുഹ്സിന് എംഎല്‍എ പറയുന്നത്.ഇത് അറിയുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചതെന്നുമാണ് എംഎല്‍എ പറയുന്നത്.
ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനെതിരേ ഇത്തരത്തിലുള്ള നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ വിശദീകരണം ചോദിച്ചറിയുന്നതിനാണ് ഫോണില്‍ വിളിച്ചതെന്നുമാണ് എംഎല്‍എ നല്കുന്ന വിശദീകരണം. ജനുവരി 20-ാം തീയതിയാണ് ഈ സംഭവമുണ്ടാകുന്നത്. ഇതിനുപിന്നാലെ തന്നെ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനെ ഓങ്ങല്ലൂരില്‍ നിന്നും സ്ഥലം മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തനിക്ക് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോയെന്നാണ് എംഎല്‍എ ആദ്യം പഞ്ചായത്ത് സെക്രട്ടറിയോട് ചോദിക്കുന്നത്. ഇല്ല സാര്‍, എന്താണ് കാര്യം എന്ന മറുചോദ്യത്തിന്, വീട്ടിലെ സ്ത്രീകളോട് നിങ്ങള്‍ മോശമായി പെരുമാറിയെന്നാണ് എംഎല്‍എ പറയുന്നത്. വളരെ മോശമായിട്ടാണ് നിങ്ങള്‍ പെരുമാറിയത്, എന്റെ പെങ്ങള് അവിടെ നിന്ന് കരഞ്ഞിട്ടാണ് വന്നതെന്നും മുഹ്സിന് പറയുന്നു. അങ്ങനെയല്ല, അവര്‍ ഇന്നുതന്നെ രജിസ്റ്റര്‍ ചെയ്ത് കിട്ടണമെന്ന് പറഞ്ഞപ്പോള്‍, ലേറ്റ് മാര്യേജ് ആയതുകൊണ്ട് കല്ല്യാണം കഴിയുമ്പോള്‍, എന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞതോടെ എംഎല്‍എ വീണ്ടും ഇടപെടുകയായിരുന്നു.
”ഒരുകാര്യം ഞാന്‍ പറയുന്നത് കേള്‍ക്കൂ, ഞാന്‍ താങ്കളെ ഒരു റെക്കമെന്റേഷനും വിളിച്ചിട്ടില്ല. നോര്‍മല്‍ ആയിട്ട് കാര്യം നടക്കുകയാണെങ്കില്‍ നടക്കട്ടെയെന്നാണ് കരുതിയത്. പക്ഷെ അവര്‍ അവിടെ വന്നപ്പോള്‍ അവരുടെ വിദ്യാഭ്യാസ യോഗ്യതയും സര്‍ട്ടിഫിക്കറ്റിന്റെ കാര്യവും പറഞ്ഞ് വളരെ മോശമായിട്ടാണ് നിങ്ങള്‍ സംസാരിച്ചത്. തനിക്ക് എന്തെങ്കിലും രാഷ്ട്രീയപരമായ പ്രശ്നങ്ങളുണ്ടെങ്കില്‍, വീട്ടിലെ സ്ത്രീകളോട് മാന്യമായിട്ട് പെരുമാറാന്‍ അറിയില്ലെങ്കില്‍ അടിച്ച് മോന്ത പൊളിക്കും”- എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ എംഎല്‍എ പറയുന്നത്.