രാസാത്തിയെ കാണാതെ പിടഞ്ഞ ആ കാമുക ഹൃദയത്തെ വാലി ഉപമിച്ചത് കാറ്റാടിയോടായിരുന്നു വരികളിൽ നിറഞ്ഞു നിന്ന കാമുക നൊമ്പരത്തിൽ പി ജയചന്ദ്രന്റെ ശബ്ദം കൂടി ആയപ്പോൾ പിറന്നത് എക്കാലത്തെയും ക്ലാസിക് സോങ്ങുകളിൽ ഒന്നായ രാസാത്തി ഉന്നയ് കാണാതെ നെഞ്ചം എന്ന ഗാനമായിരുന്നു.1984 ല്‍ തമിഴ്നാടിനെ ഇളക്കി മറിച്ച് തിയേറ്ററുകളില്‍ നിറഞ്ഞോടുകയായിരുന്നു വിജയകാന്തും രേവതിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വൈദേഹി കാത്തിരുന്താള്‍’.
തമിഴ്നാട്ടിലെ കമ്പത്തിനടുത്ത് കാടിനോടു ചേർന്ന ഒരു പ്രദേശത്തെ തിയറ്ററില്‍ പടം കളിക്കുകയായിരുന്നു. പടത്തിലെ സംഭാഷണങ്ങളും പാട്ടുമെല്ലാം നാടാകെ കേള്‍ക്കാം. ‘രാസാത്തി ഒന്നെ’ എന്ന പാട്ട് തുടങ്ങി അല്പം കഴിഞ്ഞപ്പോഴാണ് ഗ്രാമം ആ കാഴ്ച കണ്ട ഞെട്ടിയത്. ഒരു കൂട്ടം കാട്ടാനകള്‍ ഗ്രാമത്തിലേക്ക് ഇറങ്ങിവന്നു. ഗ്രാമവാസികള്‍ ആകെ പരിഭ്രമിച്ചു. ഒരകലമിട്ട് അവരും ആനക്കൂട്ടത്തിനൊപ്പം നടന്നു. ആനക്കൂട്ടം തിയറ്ററിനു തൊട്ടടുത്തെത്തി തുമ്പികൈ ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച് ഒരു ധ്യാനത്തിലെന്നപോലെ നിന്നു. നെഞ്ചിടിപ്പോടെ ജനങ്ങളും. പാട്ട് തീർന്നപ്പോള്‍ ആനക്കൂട്ടം തുമ്പികൈ താഴ്ത്തി ചെവിയാട്ടി കാട്ടിലേക്കു പോയി. ‘വൈദേഹി കാത്തിരുന്താള്‍’ എന്ന സിനിമ ആ തിയറ്ററില്‍നിന്നു മാറുന്നതുവരെ ഈ സംഭവം തുടർന്നു.’