വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഏതൊരു മുന്നണിയെ സംബന്ധിച്ചും വളരെയേറെ നിർണായകം തന്നെയാണ്. കഴിവിന്റെ പരമാവധി പ്രവർത്തനത്തിലൂടെ അധികാരം പിടിച്ചെടുക്കുവാൻ കോൺഗ്രസ്സും ഭരണത്തിൽ തന്നെ തുടരുവാൻ സിപിഎമ്മും കരുത്ത് കാട്ടാൻ ബിജെപിയും സജീവമായി തന്നെ നിലകൊള്ളുകയാണ്. ഓരോ മുന്നണികളിലെയും ഘടകകക്ഷികൾക്കും ഇത് അതിജീവന പോരാട്ടം ആണ്.
കേരള രാഷ്ട്രീയത്തിൽ ഭരണ മാറ്റത്തിന് കളം ഒരുക്കുവാൻ കഴിയുന്ന ഒരു ജില്ലയാണ് പാലക്കാട്. ജില്ലയിലെ ഭൂരിഭാഗം സീറ്റുകളിലും വിജയം കണ്ടാൽ അത് ഭരണ മാറ്റത്തിന്റെ സൂചനയായി കണക്കാക്കാം. 12 നിയോജകമണ്ഡലങ്ങളാണ് പാലക്കാട് ജില്ലയിലുള്ളത്. ഇതിൽ രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചു നിൽക്കുന്നത്. അതിൽ ഒരിടത്ത് കോൺഗ്രസും മറ്റൊരിടത്ത് ലീഗും ആണ്.
പട്ടാമ്പി നിയോജകമണ്ഡലം പരിശോധിച്ചാൽ ദീർഘകാലത്തോളം കോൺഗ്രസ് നയിച്ച എന്നാൽ ഇപ്പോൾ സിപിഐ തുടർച്ചയായി വിജയിക്കുന്ന മണ്ഡലമാണ് പട്ടാമ്പി. നിലവിൽ സിപിഐയുടെ യുവനേതാവായ മുഹമ്മദ് മുഹ്സിനാണ് എംഎൽഎ. കോൺഗ്രസിനുള്ളിലെ യുവ കേസരി റിയാസ് മുക്കോളിയോട് മത്സരിച്ച് 3859 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു വിജയം.
പട്ടാമ്പി താലൂക്കിലെ കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും പട്ടാമ്പി നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പട്ടാമ്പി. റിയാസ് മുക്കോളി തന്നെ വീണ്ടും മത്സരിച്ചാൽ കോൺഗ്രസിന് അനായാസം പട്ടാമ്പി തിരിച്ചുപിടിക്കാവുന്നതേയുള്ളൂ. ആലത്തൂർ നിയോജകമണ്ഡലത്തിലേക്ക് വന്നാൽ സിപിഎമ്മിലെ കെ ഡി പ്രസേനൻ ആണ് നിലവിൽ എംഎൽഎ. 34118 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിൽ ആയിരുന്നു അദ്ദേഹം വിജയിച്ചത്.
ആലത്തൂർ താലൂക്കിലെ ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, കുഴൽമന്ദം, മേലാർകോട്, തേങ്കുറിശ്ശി, വണ്ടാഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ആലത്തൂർ. മികച്ച സ്ഥാനാർത്ഥികളെ ലഭിക്കുന്നില്ല എന്നതാണ് ആലത്തൂരിലെ കോൺഗ്രസ് പരാജയത്തിന് പലപ്പോഴും കാരണമാകുന്നത്. അതിനപ്പുറത്തേക്ക് സിപിഎമ്മിന് കൃത്യമായ വേരോട്ടമുള്ള മണ്ഡലം കൂടിയാണ് ആലത്തൂർ. അതുകൊണ്ടുതന്നെ അവിടെ ഏതെങ്കിലും തരത്തിലുള്ള അത്ഭുതങ്ങൾക്ക് സാധ്യതയില്ല.
നെന്മാറ മണ്ഡലം വിലയിരുത്തിയാൽ സമീപകാലത്ത് എല്ലാം സിപിഎമ്മിന് ഒപ്പം തന്നെ നിൽക്കുന്ന മണ്ഡലം തന്നെയാണത്. കഴിഞ്ഞ തവണ നെന്മാറയിൽ യുഡിഎഫിൽ നിന്നും സിഎംപിയുടെ സി എൻ വിജയ കൃഷ്ണനായിരുന്നു മത്സരിച്ചിരുന്നത്. സിഎംപിയിൽ നിന്നും കോൺഗ്രസ് സീറ്റ് ഏറ്റെടുത്ത് മത്സരിച്ചാൽ വിജയം നേടുവാൻ കഴിയുമെന്ന് ഡിസിസി നേതൃത്വം കരുതുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ല.
നെന്മാറ വീണ്ടും ഇടതുപക്ഷത്തേക്ക് തന്നെ പോകുവാനാണ് സാധ്യത. ഒറ്റപ്പാലത്ത് സിപിഎമ്മിലെ അഡ്വ. പ്രേംകുമാർ ആണ് നിലവിൽ എംഎൽഎയായി വിജയിച്ചു നിൽക്കുന്നത്. കോൺഗ്രസിൽ നിന്നും ഇപ്പോൾ സിപിഎമ്മിൽ എത്തിയ സരിൻ ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി. തെരഞ്ഞെടുപ്പ് ഗോദയിൽ വലിയ ഓളങ്ങൾ സൃഷ്ടിച്ചുവെങ്കിലും പരാജയപ്പെടാനായിരുന്നു വിധി. 15152 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു പ്രേംകുമാറിന്റെ വിജയം.
ഒറ്റപ്പാലം നഗരസഭയും ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒറ്റപ്പാലം. കോൺഗ്രസ് ഒരു ഘട്ടത്തിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത് പി ഹരിഗോവിന്ദൻ മാഷിനെയായിരുന്നു. പിന്നീടാണ് ആ സീറ്റിലേക്ക് സരിൻ വരുന്നത്. ഹരിഗോവിന്ദൻ മത്സരിച്ചാൽ മണ്ഡലം അനായാസം പിടിച്ചെടുക്കാം എന്ന് കോൺഗ്രസ് കരുതുന്നു.
മണ്ണാർക്കാട് മണ്ഡലം ലീഗിന്റെ കോട്ടയാണ്. പക്ഷേ കഴിഞ്ഞതവണ എ ഷംസുദ്ദീൻ വിജയിച്ചത് 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാത്രമാണ്. അവിടെ സിപിഐ ആണ് മത്സരരംഗത്ത് ഉള്ളത്. സിപിഐയിൽ നിന്നും സിപിഎം മണ്ഡലം ഏറ്റെടുത്താൽ ചെങ്കൊടി പാറിപ്പിക്കുവാൻ കഴിയുമെന്ന് സിപിഎം ജില്ലാ നേതൃത്വം കരുതുന്നുണ്ട്. അങ്ങനെ സിപിഎം മത്സരിച്ചാലും ലീഗിനൊപ്പം തന്നെ മണ്ണാർക്കാട് നിൽക്കുവാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഷൊർണൂർ മണ്ഡലത്തിൽ സിപിഎമ്മിലെ പി മമ്മിക്കുട്ടി ആണ് നിലവിലെ എംഎൽഎ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആയിരുന്ന ഫിറോസ് ബാബുവിനെ 36674 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മമ്മിക്കുട്ടി പരാജയപ്പെടുത്തിയത്. ഷൊർണൂരിൽ സന്ദീപ് വാര്യർ സ്ഥാനാർത്ഥിയായി വന്നാൽ കോൺഗ്രസിന് വിജയിക്കുവാൻ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
കോൺഗ്രസിന് കൃത്യമായ വഴക്കുറുള്ള മണ്ണ് തന്നെയാണ് ഷോർണൂർ. നേതാക്കൾ മണ്ഡലം അറിഞ്ഞ് മത്സരിച്ചാൽ വിജയം സുനിശ്ചിതം. ചിറ്റൂർ മണ്ഡലത്തിലേക്ക് വന്നാൽ ജനതാദൾ സെക്കുലറിലെ കൃഷ്ണൻകുട്ടിയാണ് നിലവിലെ എംഎൽഎ. ഇപ്പോൾ വൈദ്യുതി മന്ത്രി കൂടിയായ അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സാധ്യതകൾ നന്നേ കുറവാണ്.
അതേസമയം അദ്ദേഹത്തിന് അപ്പുറത്തേക്ക് മറ്റു സ്ഥാനാർത്ഥികളും ആ പാർട്ടിയിൽ ഇല്ല. അങ്ങനെ വരുമ്പോൾ മണ്ഡലം സിപിഎം ഏറ്റെടുക്കാനുള്ള സാധ്യതകളുണ്ട്. അപ്പോഴും കോൺഗ്രസിന് സാധ്യതകൾ വെച്ചുപുലർത്തുവാൻ കഴിയുന്ന മണ്ഡലങ്ങളിൽ പാലക്കാട് ജില്ലയിൽ ഏറ്റവും മുൻപിൽ ഉള്ളത് ചിറ്റൂർ തന്നെയാണ്. മുൻ ചിറ്റൂർ എംഎൽഎ കെ അച്യുതന്റെ മകൻ സുമേഷ് അച്ചുതനാണ് സീറ്റ് മോഹവുമായി സജീവമായി മണ്ഡലത്തിൽ ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരുന്നു മത്സരിച്ചിരുന്നത്. 33878 വോട്ടുകൾക്ക് പരാജയപ്പെട്ടുവെങ്കിലും അടുത്ത തവണ ഏത് വിധേനയും മണ്ഡലം കൈക്കലാക്കുവാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സുമേഷ് അച്യുതൻ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം ശ്രദ്ധേയമായിരുന്നത് തൃത്താലയിലെ പോരാട്ടമായിരുന്നു. അതുവരെ മണ്ഡലത്തെ നയിച്ച വി ടി ബൽറാമും ഇപ്പോഴത്തെ മന്ത്രി എം ബി രാജേഷും തമ്മിലുള്ള പോരാട്ടം ആയിരുന്നു അത്. ആ പോരാട്ടത്തിൽ 3173 വോട്ടുകൾക്ക് അന്തിമ വിജയം രാജേഷിന് തന്നെയായിരുന്നു. എന്നാൽ തൃത്താല കോൺഗ്രസിന് തിരികെ പിടിക്കുവാൻ കഴിയുന്ന മണ്ഡലം തന്നെയാണ്.
മറ്റൊരു യുവ പോരാളിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനവും കോൺഗ്രസ് തുടങ്ങി കഴിഞ്ഞിരിക്കുന്നു. സിപിഎം തന്നെ നയിക്കുന്ന രണ്ടു മണ്ഡലങ്ങളാണ് കോങ്ങാടും മലമ്പുഴയും. ദീർഘകാലമായി ഈ രണ്ടു മണ്ഡലങ്ങളും സിപിഎമ്മിന്റെ കൈകളിൽ തന്നെയാണ്. മലമ്പുഴയിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് എ പ്രഭാകരനാണ് എംഎൽഎ. ഐഎൻടിയുസി നേതാവ് കൂടിയായ അനന്തകൃഷ്ണനായിരുന്നു യുഡിഎഫിൽ നിന്നും ജനവിധി തേടി പരാജയപ്പെട്ടത്.
കോങ്ങാട് മണ്ഡലത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരിയാണ് നിലവിൽ എംഎൽഎ. യുഡിഎഫിൽ ലീഗിന്റെ കൈവശമുള്ള സീറ്റിൽ യുസി രാമനാണ് മത്സരിച്ചു പരാജയപ്പെട്ടത്. ഇരു മണ്ഡലങ്ങളും ഇടതുസ്വഭാവം പിന്തുടരുന്ന മണ്ഡലങ്ങളാണ്. അതുകൊണ്ടുതന്നെ എളുപ്പത്തിൽ ഒരു കോൺഗ്രസ് വിജയം സാധ്യമല്ല. ഈ രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസിന് എന്തെങ്കിലും മാറ്റം ഉണ്ടാക്കുവാൻ തന്നെ ഇനിയും ഏറെക്കാലം കാത്തിരിക്കണം.
പാലക്കാട് നിയോജക മണ്ഡലം പരിശോധിച്ചാൽ സമീപകാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ യുഡിഎഫിലെ രാഹുൽ മാങ്കൂട്ടത്തിലാണ് നിലവിലെ എംഎൽഎ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ രാഹുൽ മുൻ എംഎൽഎ ഷാഫി പറമ്പിലിന്റെ തികഞ്ഞ ആശിർവാദത്തോടെ ആയിരുന്നു മത്സരിച്ചിരുന്നത്. പതിനെണ്ണായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് എത്തിയ പി സരിനെ പരാജയപ്പെടുത്തി രാഹുൽ വിജയം കണ്ടത്. രാഹുൽ വിജയിച്ചപ്പോൾ ബിജെപി അവർ വലിയ നേട്ടം ഉണ്ടാക്കുമെന്ന് കരുതിയ പാലക്കാട് സമ്പൂർണ്ണമായി പരാജയപ്പെടുന്ന കാഴ്ചയാണ് ഏവരും കണ്ടത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ ശ്രീധരനോട് ഷാഫി പറമ്പിൽ വിജയിക്കുന്നത് കേവലം 3000 വോട്ടുകൾക്ക് മാത്രമായിരുന്നു. അങ്ങനെ പറയുമ്പോഴും പാലക്കാടൻ നിയോജകമണ്ഡലം സംഘപരിവാറിന് കൃത്യമായ സംഘടനാ ശേഷിയുള്ള മണ്ഡലമാണ്. എന്നിരുന്നാലും നിലവിലത്തെ സാഹചര്യത്തിൽ വരുന്ന തിരഞ്ഞെടുപ്പിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ യുഡിഎഫ് തന്നെ വിജയം നേടുവാനുള്ള സാധ്യതകളാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.