തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ബി.ജെ.പി. അധ്യക്ഷ്യന്‍ കെ. സുരേന്ദ്രന്. സനാതന ധര്‍മം അശ്ളീലമാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന ബാലിശമായ ജല്പനമാണെന്നും കോടിക്കണക്കിന് വരുന്ന ഭാരതീയരെ അപമാനിച്ച നടപടിയില്‍ കേസെടുക്കണെമന്നും കെ. സുരേന്ദ്രന്. ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് തീവ്രവാദികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. മറ്റേതെങ്കിലുമൊരു വിശ്വാസ പ്രമാണത്തെ ഇങ്ങനെ ആക്ഷേപിച്ചു സംസാരിക്കാനുള്ള ധൈര്യം സി.പി.എമ്മിനോ ഗോവിന്ദനോ പിണറായിക്കോ ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
ശിവഗിരിയില്‍ വെച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് ഗോവിന്ദന് മ്ലേച്ഛമായ പരാമര്‍ശം നടത്തിയത്. അങ്ങേയറ്റം വൃത്തികെട്ട ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളും കഴിഞ്ഞ കുറച്ചുകാലങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സനാതന ധര്‍മത്തിനെതിരായ പ്രസ്താവനയുടെ ഭാഗമായി വേണം ഇതിനെ കണക്കാക്കാന്‍.
കേരളം നേരിടുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം ക്ഷേത്രങ്ങളില്‍ ഷര്ട്ടിടണോ വേണ്ടയോ എന്നതാണ് എന്നും സുരേന്ദ്രന് പരിഹസിച്ചു. രാജ്യത്തെ അമ്പലങ്ങള്‍ എല്ലാം പൊളിക്കണമെന്ന് പറയുന്ന പാര്‍ട്ടി എന്തിനാണ് കുപ്പായം ഇടീക്കാനും ഊരിക്കാനും നടക്കുന്നത് എന്നും ആചാര്യന്ന്മാരും അമ്പലം നടത്തുന്നവരും ഇതില്‍ അഭിപ്രായം പറയട്ടെ. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാം എന്ന തന്ത്രവുമായാണ് മുഖ്യമന്ത്രി നടക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.എല്ലാ മതങ്ങളെയും പഠിപ്പിക്കാനാണ് നിങ്ങള്‍ വരുന്നതെങ്കില്‍ അംഗീകരിക്കാം. ഒരു കൂട്ടരെ എല്ലാക്കാലത്തും പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. മഹാ ഭൂരിപക്ഷം വരുന്ന മുസ്ലീം ദേവാലയങ്ങളില്‍ സ്ത്രീകളെ പ്രാര്‍ഥിക്കാന്‍ സമ്മതിക്കണമെന്ന് പറയാന്‍ പിണറായിക്ക് ധൈര്യമുണ്ടോ എന്നും അദ്ധേഹം കൂട്ടിച്ചേർത്തു. പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത് ഹിന്ദുക്കളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അതില്‍ അവകാശമില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി.