മിഥുൻ നാഥ്
ഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി മനു അഭിഷേക് സിംഗ്വിയുടെ ഇരിപ്പിടത്തില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന് ചെയര്മാന് ജഗ്ദീപ് ധന്‍കര്‍. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു. പാര്‍ലമെന്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് പണം കണ്ടെടുത്തത്.
അതേസമയം, അന്വേഷണത്തെ സ്വാഗതം ചെയ്ത അഭിഷേക് സിംഗ് വി ആരോപണം നിഷേധിച്ചു. സഭയില്‍ പോകുമ്പോള്‍ തന്റെ കൈയില്‍ 500 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് സഭ ചേര്‍ന്ന ഉടനെയാണ് പണം കണ്ടെടുത്തതും അന്വേഷണം പ്രഖ്യാപിച്ചതുമെന്ന് ചെയര്മാന് അറിയിച്ചു. ഇന്നലെ സഭ പിരിഞ്ഞ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പതിവ് പരിശോധനയില്‍ 222 -ാം നമ്പര്‍ സീറ്റില്‍ നിന്നും പണം കണ്ടെടുത്തതെന്നും സീറ്റ് നിലവില്‍ മനു അഭിഷേക് സിംഗ്വിക്ക് അനുവദിച്ചിരിക്കുന്നതാണെന്നും സഭാ ചെയര്മാന് അറിയിച്ചു. വിഷയത്തില്‍ നിയമപരമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി. അന്വേഷണത്തില്‍ സത്യം കണ്ടെത്തുന്നതിന് മുന്‍പ് വ്യക്തിയുടെ പേര് പറഞ്ഞത് ശരിയായില്ലെന്ന് സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു. എന്നാല്‍ മന്ത്രിമാരായ കിരണ്‍ റിജിജുവും ജെപി നദ്ദയും ചെയര്‍മാന്റെ നടപടിയെ ന്യായീകരിച്ചു. ഇത് ഗൗരവമേറിയ വിഷയമാണെന്നും സഭയുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.