കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ പൊലീസ് സ്റ്റേഷന് ശുചിമുറിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണസംഘം സ്റ്റേഷനില്‍ എത്തി വിവര ശേഖരണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസ്പി കെ കെ മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനില്‍ എത്തിയത്. പ്രാഥമിക നടപടികള്‍ മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്. ഗോകുല്‍ മരണപ്പെട്ട ശുചിമുറിയിലടക്കം അന്വേഷണ സംഘം പരിശോധന നടത്തി കഴിഞ്ഞു.
ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള അന്വേഷണസംഘം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. നേരത്തെ ഉത്തരമേഖലാ ഡിഐജിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായി എന്നായിരുന്നു കണ്ടെത്തല്‍. കല്‍പ്പറ്റ സ്റ്റേഷന് ശുചിമുറിയില്‍ ഷവറില്‍ തൂങ്ങിയ നിലയിലാണ് ഗോകുലിനെ കണ്ടെത്തിയത്. എങ്ങിനെയാണ് മരണസംഭവിച്ചത് എന്നതിനെ കുറിച്ചും മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചുമാണ് അന്വേഷണം.
ഗോകുലിന്റെ കൈയില്‍ പെണ്‍കുട്ടിയുടെ പേര് മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കോറിയിട്ട അടയാളം ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നു. മര്‍ദനമുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസ് സ്റ്റേഷനില്‍ മാനസിക പീഡനം ഉണ്ടോയോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കേണ്ടതുണ്ട്. പൊലീസ് കംപ്ലൈന്റ്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് വികെ മോഹനന് കല്‍പ്പറ്റ സ്റ്റേഷനില്‍ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും മൊഴികളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അടക്കം പരിശോധിച്ചു.
അതേസമയം, ഗോകുലിന്റെ കുടുംബം മറ്റേതെങ്കിലും ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്കാന് നീക്കം ഉണ്ട്. ഇന്നലെ കോഴിക്കോടുനിന്നുള്ള ഫോറന്‍സിക് സര്ജന് ഡോക്ടര്‍ പി എസ് സഞ്ജയ്യുടെ നേതൃത്വത്തില്‍ ശുചിമുറിയടക്കം പരിശോധിച്ചിരുന്നു.