ഇന്ത്യയിൽ ജീവിതത്തിന്റെ ഭാഗമാണ് അരിയാഹാരം. അരി വ്യാപാരമാകട്ടെ ആഗോളതലത്തിൽ പ്രാധാന്യത്തോടെ നടക്കുന്ന ഒന്ന് തന്നെയാണ്. ലോകത്തെ തന്നെ അരി കയറ്റുമതിയിൽ ഒന്നാമതുള്ളത് ഇന്ത്യയാണ്. ഇന്ത്യ കഴിഞ്ഞാൽ അരി കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യം തായ്ലൻഡാണ്. ജാസ്മിൻ റൈസ് എന്ന പ്രീമിയം ക്വാളിറ്റി അരിയാണ് തായ്ലൻഡ് ഉല്പാദിപ്പിക്കുന്നത്.
ആഗോള അരി വിപണിയിൽ വിയറ്റ്നാമിനും പ്രധാന സ്ഥാനമുണ്ട്. പാകിസ്ഥാന്റെ ബസ്മതി റൈസിനും ആവശ്യക്കാരുണ്ട്. യു.എസും, ചൈനയുമെല്ലാം അരി വ്യാപാരത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്കും ബഹുദൂരം പിന്നിലാണ്. അരി കയറ്റുമതിയിൽ ഇന്ത്യയുടെ നയപരമായ ചെറിയ തീരുമാനങ്ങൾക്ക് ഇന്റർനാഷണൽ മാർക്കറ്റിൽ വലിയ പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ കഴിയും.
റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ത്യ അരി കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അടുത്തിടെ ഈ നിയന്ത്രണങ്ങൾ ഇന്ത്യ ഒഴിവാക്കിയിരുന്നു. 2024 ജനുവരിയിൽ തായ് വൈറ്റ് റൈസിന് ഒരു ടണ്ണിന് 669 ഡോളറായിരുന്ന വില 405 ഡോളറിലേക്ക് കൂപ്പു കുത്തി. രാജ്യാന്തര വില കുറഞ്ഞതോടെ വിപണിയിൽ കൂടുതൽ ആധിപത്യം നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.