ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി ചേർന്ന പ്രത്യേക പ്രതിനിധിതല യോഗം വിജയകരം. ബെയ്ജിങ്ങിൽ വെച്ച് നടന്ന എസ്ആർ 23-ാമത് യോഗത്തിലാണ് അതിർത്തി കടന്നുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള ആറ് വിഷയങ്ങളിൽ ധാരണയായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. വർഷങ്ങളായി തകരാർ നേരിടുന്ന ഇന്ത്യ -ചൈന ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണ് ഈ കൂടിക്കാഴ്ച.
അതിർത്തി കടന്നുള്ള നദീതട സഹകരണം, നാഥു ലാ അതിർത്തി വ്യാപാരം, കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കൽ എന്നിവയിൽ രാജ്യങ്ങൾ സമവായത്തിലെത്തിയതായാണ് വിവരം. അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും പ്രശ്നത്തിന് ന്യായവും പരസ്പര സ്വീകാര്യവുമായ നടപടിയും മുൻനിർത്തിയാണ് ഇരുപക്ഷവും ധാരണയിലെത്തിയതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിർത്തിയിൽ സംഘർഷം തുടങ്ങിയതിന് ശേഷമുള്ള ആദ്യ പ്രത്യേക പ്രതിനിധിതല യോഗമായിരുന്നു നടന്നത്. അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിനുള്ള നടപടികൾ തുടരാൻ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും സമ്മതിച്ചു. അടുത്ത വർഷം ഇന്ത്യയിൽ പ്രത്യേക പ്രതിനിധികളുടെ ഒരു കൂടിക്കാഴ്ച നടത്താനും ധാരണയായി.