അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. 157 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ്. ഓസീസിന്റെ ലീഡ് മറികടക്കാന്‍ ഇനിയും 29 റണ്‍സ് വേണം. 28 റണ്‍സോടെ ഋഷഭ് പന്തും 15 റണ്‍സോടെ നിതീഷ് കുമാറുമാണ് ക്രീസില്‍. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സും ബോലണ്ടും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ഓസീസ് ഒന്നാം ഇന്നിംഗ്സില്‍ 337 റണ്‍സിന് പുറത്തായി. 140 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി ബുംറ, സിറാജ് എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നിന് 86 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. നാഥന് മക്സീനെ, സ്റ്റീവ് സ്മിത്ത് എന്നിവരെ ബുംറ പുറത്താക്കി.
എന്നാല്‍ ഇന്ത്യയ്ക്ക് എന്നും തലവേദന തീര്‍ക്കാറുള്ള ട്രാവിസ് ഹെഡ് ഒരറ്റത്ത് ഏകദിന ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായി. 141 പന്തില്‍ 140 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്. 17 ഫോറും നാല് സിക്സും ഉള്‍പ്പെട്ട ഇന്നിംഗ്സ്. ലബൂഷെയ്ന് 64 ഉം മക്സീനെ 39 ഉം റണ്‍സെടുത്തു.
157 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിലും പിടിച്ച് നില്ക്കാനായില്ല. ഓപ്പണര്‍ രാഹുല്‍ ഏഴും നാലാമനായെത്തിയ കോഹ്ലി 11 ഉം നായകന് രോഹിത് ആറും റണ്‍സിന് കൂടാരം കയറി. ജയ്സ്വാള്‍ (24), ഗില്‍ (28) എന്നിവരാണ് പുറത്തായ മറ്റ് രണ്ട് ബാറ്റര്‍മാര്‍. മൂന്ന് ദിനം ശേഷിക്കെ മത്സരത്തില്‍ തോല്‍വി ഒഴിവാക്കുക ഇന്ത്യയെ സംബന്ധിച്ച് അസാധ്യമാണ്.