പെര്‍ത്ത് : ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 172 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ഇതോടെ പത്ത് വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്ക് 218 റണ്‍സിന്റെ ലീഡായി. മൂന്ന് ദിവസത്തെ കളി ബാക്കി നില്‍ക്കെ ഓസീസിന് മുന്നില്‍ മികച്ച വിജയലക്ഷ്യം ഉയര്‍ത്താനായാല്‍ ടീം ഇന്ത്യയ്ക്ക് ജയിക്കാനാകും.
ഏഴിന് 67 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ 37 റണ്‍സ് കൂടി ചേര്‍ത്ത് 104 റണ്‍സിന് പുറത്തായി. 26 റണ്‍സെടുത്ത പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ടോപ്സ്കോറര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലേത് പോലെ ഓസീസ് നിരയിലും നാല് പേര്‍ക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളു. 30 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബൂമ്റയാണ് ഓസീസിനെ തകര്‍ത്തത്. അരങ്ങേറ്റതാരം ഹര്‍ഷിത് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് രാഹുലും ജയ്സ്വാളും നല്‍കിയത്. സ്വന്തം നാട്ടിലെ പിച്ചില്‍ ഓസീസ് ബൗളര്‍മാര്‍ വിയര്‍ക്കുന്ന കാഴ്ചയാണ് രണ്ടാം ദിനം കണ്ടത്. ക്ഷമാപൂര്‍വം ബാറ്റ് ചെയ്ത ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഓസീസ് ബൗളര്‍മാരെ നിര്‍ത്തിപ്പൊരിച്ചു. 57 ഓവര്‍ എറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സ്റ്റാര്‍ക്കും ഹാസില്‍വുഡും കമ്മിന്‍സും ഉള്‍പ്പെട്ട ലോകോത്തര പേസ് നിരയ്ക്ക് കഴിഞ്ഞില്ല.
193 പന്ത് നേരിട്ട് ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെയാണ് ജയ്സാള്‍ 90 റണ്‍സ് നേടിയത്. 153 പന്തില്‍ 62 റണ്‍സ് നേടിയ രാഹുല്‍ നാല് ഫോര്‍ മാത്രമാണ് അടിച്ചത്. 1986 ന് ശേഷം ആദ്യമായാണ് ഓസീസിനെതിരെ അവരുടെ നാട്ടില്‍ രണ്ട് ഓപ്പണര്‍മാരും അര്‍ദ്ധസെഞ്ച്വറി നേടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് കൂടിയാണ് രാഹുലും ജയ്സ്വാളും തീര്‍ത്തിരിക്കുന്നത്.