മുംബൈ: 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിക്കുക. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും സെലക്ഷൻ കമ്മിറ്റി ചീഫ് അജിത് അഗാർക്കറും വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം പത്രസമ്മേളനത്തിൽ ടീമിനെ പ്രഖ്യാപിക്കും.
ചാമ്പ്യൻസ് ട്രോഫി വരെ രോഹിത് ശർമ ഇന്ത്യൻ ക്യാപ്റ്റനായി തുടരും. ജസ്പ്രിത് ബുംമ്രയും സഞ്ജു സാംസണും, കരുൺ നായരും ടീമിൽ ഇടംപിടിക്കുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു. വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിൽ കെ എൽ രാഹുലും റിഷഭ് പന്തും മുൻനിരയിലുള്ളത് സഞ്ജുവിന് വെല്ലുവിളിയാകും. വിജയ് ഹസാരെ ടൂർണമെന്റിൽ പങ്കെടുക്കാത്തതും സഞ്ജുവിന് തിരിച്ചടിയാവുമെന്നാണ് റിപ്പോർട്ടുകൾ.