പാരിസ്:പാരിസ് ഒളിംപിക്സ് മെഡല്‍ സ്വപ്നങ്ങളുമായി ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങള്‍ ഇന്ന് കളത്തില്‍.പുരുഷ, വനിതാ വ്യക്തിഗത റാങ്കിങ് റൗണ്ട് മത്സരങ്ങളാണ് ആദ്യ ദിനം നടക്കുന്നത്.നാലാം ഒളിംപിക്സിനറങ്ങുന്ന പരിചയസമ്പന്നരായ തരുണ്‍ദീപ് റായും ദീപികാ കുമാരിയും നയിക്കുന്ന ഇന്ത്യന്‍ സംഘത്തിന് യോഗ്യതാ റൗണ്ട് നിര്‍ണായകമാണ്.ആദ്യ പത്തിലെങ്കിലും സ്ഥാനം നേടുകയാണ് ടീമിന്റെ പ്രഥമലക്ഷ്യം.53 രാജ്യങ്ങളില്‍ നിന്നായി 128 താരങ്ങള്‍ യോഗ്യതാ റൗണ്ടില്‍ മത്സരിക്കും.ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് പുരുഷ, വനിതാ ടീമുകള്‍ യോഗ്യത നേടിയത്. അഞ്ച് മെഡല്‍ ഇനങ്ങളില്‍ ഇന്ത്യ മത്സര രംഗത്തുണ്ട്.
പുരുഷ ടീമിലാണ് ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷയുള്ളത്.ഷാങ്ഹായില്‍ ഇത്തവണ ലോകകപ്പില്‍ നേടിയ വിജയവുമായാണ് ഇന്ത്യന്‍ പുരുഷന്മാര് ഇറങ്ങുന്നത്.ഫൈനലില്‍ അതികായരായ ദക്ഷിണകൊറിയയെയാണ് ഇന്ത്യ ഞെട്ടിച്ചത്.തരുണ്ദീപിനൊപ്പം ടോക്യോയില്‍ മത്സരിച്ച പ്രവീണ്‍ യാദവും പുതുമുഖതാരം ധീരജ് ബൊമ്മദേവരയുമാണുള്ളത്.