ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സ്വപ്നം തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം ഇന്ത്യയുടെ സ്വപ്നത്തെക്കുറിച്ചും ശ്രമങ്ങളെക്കുറിച്ചും മനസുതുറന്നത്.
ജി 20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ച ഇന്ത്യ വലിയ പരിപാടികള്‍ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളും കഴിവും ഉണ്ടെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. അതുകൊണ്ട് തന്നെ 2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുക എന്നതാണ് നമ്മുടെ ഇപ്പോഴത്തെ സ്വപ്നം, അതിനായുള്ള തയാറെടുപ്പകള്‍ നമ്മള് തുടങ്ങിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
2028ലെ ഒളിംപിക്സ് അമേരിക്കയിലെ ലോസാഞ്ചലസിലും 2032 -ലെ ഒളിംപിക്സിന് ഓസ്ട്രേലിയയിലെ ബ്രിസേബേനുമാണ് വേദിയാകുന്നത്. 2036ലെ ഒളിംപിക് വേദി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇന്ത്യക്ക് പുറമെ സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും 2036ലെ ഒളിംപിക് വേദിയാവാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ യോഗത്തിലാണ് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം ഇന്ത്യ വ്യക്തമാക്കിയത്.