കൊച്ചി: റിലയന്‍സ് ക്യാപിറ്റലിനെ ഏറ്റെടുത്തതോടെ ഇന്‍ഡസ്ഇന്‍ഡ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്സ് ലിമിറ്റഡിന്റെ (ഐഐഎച്ച്എല്‍) മൂല്യം 2030-ഓടെ 50 ബില്യണ്‍ ഡോളറിലെത്തിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്‍ഡസ്ഇന്‍ഡ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്സ് ചെയര്മാന് അശോക് ഹിന്ദുജ പറഞ്ഞു. കടക്കെണിയിലായിരുന്ന കമ്പനിയെ ഏറ്റെടുക്കുന്ന മൂന്നു വര്‍ഷം നീണ്ടു നിന്നു പ്രക്രിയ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
9650 കോടി രൂപയുടെ വാഗ്ദാനമായിരുന്നു ഇന്‍ഡസ്ഇന്‍ഡ് ഹോള്‍ഡിങ്സ് റിലയന്‍സ് ക്യാപിറ്റലിനെ ഏറ്റെടുക്കുന്നതിനായി നല്‍കിയിരുന്നത്. കൈമാറ്റത്തിനായി തങ്ങളുടെ ഭാഗത്തു നിന്നുള്ള നടപടികള്‍ പൂര്‍ത്തിയായതായും മൂന്നു വര്‍ഷമായി ഈ ഇടപാടിനായി തങ്ങള്‍ പ്രവര്‍ത്തിക്കുയായിരുന്നു എന്നും ഹിന്ദുജ പറഞ്ഞു.
മൂല്യം സൃഷ്ടിച്ചതിനു രണ്ടു വര്‍ഷത്തിനു ശേഷമായിരിക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ ലിസ്റ്റു ചെയ്യുക. റിലയന്‍സ് ക്യാപിറ്റലിന്റെ മുഴുവന്‍ ബിസിനസുകളും വിലയിരുത്തുന്നത് പൂര്‍ത്തിയാക്കുകയും ആവശ്യമായ അവസരങ്ങളില്‍ ഫണ്ട് ലഭ്യമാക്കുകയും ചെയ്യും.
സാമ്പത്തിക സേവന സ്ഥാപനത്തിന് 1.28 ലക്ഷം ജീവനക്കാരുണ്ട്. പുതിയ മാനേജുമെന്റ് ജീവനക്കാരുടെ താല്പര്യങ്ങള് സാധ്യമായ പരമാവധി സംരക്ഷിക്കും. എന്‍സിഎല്‍ടി അനുമതി പ്രകാരം മൂന്നു വര്‍ഷത്തേക്ക് ഇതേ പേരുപയോഗിക്കാന്‍ തങ്ങള്ക്കാവുമെങ്കിലും ഇന്‍ഡസ്ഇന്‍ഡ് ബ്രാന്‍ഡ് പ്രൊമോട്ടു ചെയ്യാനാണു തങ്ങള്‍ക്കു താല്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.