കോൺഗ്രസിന്റെ തൊഴിലാളി സംഘടനയെന്ന് പൊതുവേ പറയപ്പെടുന്ന ഐഎൻടിയുസി പിണറായി വിലാസം സംഘടനയായി മാറിയെന്ന പരാമർശം ഞങ്ങളുടേതല്ല. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ കെ മുരളീധരനാണ് അത്തരമൊരു പരാമർശം നടത്തിയത്. ഐഎൻടിയുസി സ്വതന്ത്ര തൊഴിലാളി സംഘടനയാണ്. അവർക്ക് അവരുടേതായ നിലപാട് എടുക്കാം. എന്നാൽ, കെ. കരുണാകരൻ രൂപീകരിച്ച ഐഎൻടിയുസി പിണറായി വിലാസം സംഘടനയായി മാറരുതെന്നായിരുന്നു മുരളീധരന്റെ ഉപദേശം. ആശവർക്കർമാരുടെ സമരം കോൺഗ്രസ് ഏറ്റെടുത്തതാണ്. അതിനെ തള്ളിപ്പറയുന്നത് ശരിയല്ല. കോൺഗ്രസിന്റെ നിലപാട് സ്വീകരിക്കുന്നത് കെപിസിസി പ്രസിഡന്റ് ആണ്. അതിന് മേലെ പ്രസിഡന്റ് എഐസിസിക്കേ ഉള്ളൂ. അല്ലാതെ വേറെ പ്രസിഡന്റുമാർ കേരളത്തിൽ ഇല്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഇതിനിടെ, ഐഎൻടിയുസിക്കെതിരെ യുഡിഎഫ് കൺവീനർ എം എം ഹസ്സനും കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. ആശാ സമരത്തില്‍ ഐഎന്‍ടിയുസിയുടേത് കരിങ്കാലി പണിയാണെന്നാണ് ഹസന് പറഞ്ഞത്. ആശമാരുടെ സെക്രട്ടേറിയറ്റ് സമരത്തെ തളളിക്കൊണ്ട് ഐഎന്‍ടിയുസി മുഖമാസികയില്‍ വന്ന ലേഖനമായിരുന്നു കണ്‍വീനറെ ചൊടിപ്പിച്ചത്. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഐ എന്‍ ടി യുസി ആവര്‍ത്തിച്ചു. സമരം നടത്തുന്നത് എസ് യു സി ഐ ആണെന്നും അവിടെ എങ്ങനെ ഐഎന്‍ടിയുസി കയറിച്ചെല്ലുമെന്നുമായിരുന്നു പ്രസിഡന്റ് ആര് ചന്ദ്രശേഖരന്റെ ചോദ്യം. നിലപാടിൽ വെള്ളം ചേർക്കരുതെന്നും വേണ്ടത് സ്ഥിര വേതനമാണെന്നും ഐഎൻടിയുസിയുടെ മാസികയായ ‘ഇന്ത്യൻ തൊഴിലാളി’യിലെ ലേഖനത്തിലും പരാമർശം ഉണ്ടായിരുന്നു. ‘ലൈക്കും ഷെയറും ഓണറേറിയവും അല്ല, ആശമാർക്ക് വേണ്ടത് സ്ഥിര വേതനം’ എന്ന തലക്കെട്ടിലാണ് ഐഎൻടിയുസി മുഖമാസികയായ ‘ഇന്ത്യൻ തൊഴിലാളി’യിലെ ലേഖനം. കെപിസിസി നയരൂപീകരണ – ഗവേഷണ വിഭാഗം യൂത്ത് കൺവീനർ അനൂപ് മോഹന്റെ ലേഖനത്തിൽ രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും സമരത്തെ സെൽഫി പോയിന്റ് ആക്കുന്നുവെന്ന വിമർശനവും ഉൾപ്പെടുത്തിയിരുന്നു. സമൂഹത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന ആശ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ തോന്നുംപടി കൊടുക്കുന്ന ഓണറേറിയം എന്ന ഔദാര്യമല്ല വേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു. സമരവേദിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിച്ചിട്ടുണ്ട്. തൊഴിലാളി മാസികയില്‍ വന്ന ലേഖനം തള്ളാതെ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് രംഗത്ത് വന്നതും കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. ലേഖനത്തിലെ ഓരോ വാക്കിനും ഐഎന്‍ടിയുസിയ്ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തമുണ്ടെന്ന് ചന്ദ്രശേഖരന് പറഞ്ഞു. അതേസമയം, സാമൂഹ്യ മാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകരും ഐഎൻടിസി പ്രവർത്തകരും തമ്മിലുള്ള സംഘർഷവും അതിരുകടക്കുകയാണ്. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെതിരെ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണവുമായി രംഗത്തുവരുന്നത്. ഐഎൻടിയുസി ക്കുള്ളിൽ തന്നെ ഒരു വിഭാഗം ചന്ദ്രശേഖരനെതിരെ രംഗത്തുണ്ട്. കശുവണ്ടി വികസന കോർപറേഷന് മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ.ചന്ദ്രശേഖരന്, കോർപറേഷൻ മുൻ എംഡി കെ.എ.രതീഷ് എന്നിവര്‍ പ്രതികളായ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വിചാരണ വൈകിപ്പിക്കുന്നുവെന്ന് ആരോപണം. ചന്ദ്രശേഖരന് ഉള്‍പ്പെടെയുളളവരെ ഇടതുസര്‍ക്കാര്‍ പ്രോസിക്യൂട്ട് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ ഒരുവിഭാഗം ഐഎന്‍ടിയുസി നേതാക്കള്‍ തീരുമാനിച്ചു. എന്തുകൊണ്ടാണ് സര്‍ക്കാരിനെതിരെ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സമരം ഇല്ലാത്തതെന്നും അവർ ചോദിക്കുന്നു. അതേസമയം ചന്ദ്രശേഖരനെതിരെയുളളത് വ്യക്തിഹത്യയാണെന്നും സിബിഐ അന്വേഷിച്ചിട്ടും നയാപൈസയുടെ അഴിമതി കണ്ടെത്തിയിട്ടില്ലെന്നും ധര്‍ണയില്‍ പങ്കെടുക്കുന്ന ഐന്ടിയുസിക്കാര്ക്കെതിരെ നടപടി ഉണ്ടാകുമെന്നും ചന്ദ്രശേഖരനെ അനുകൂലിക്കുന്നവര്‍ പറയുന്നു. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് 2006 മുതല്‍ 2015 വരെയുളള ഇടപാടുകളാണ് സിബിഎ അഞ്ചുവര്‍ഷം അന്വേഷിച്ചതും കോടികളുടെ ക്രമക്കേട് കണ്ടെത്തിയതും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും ഐഎൻടിയുസി കോൺഗ്രസിന് മുൻപിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒരു സീറ്റെങ്കിലും ലഭിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ തീരുമാനമെടുക്കാനും ഏതറ്റം വരെയും പോകാനും മടിയുണ്ടാകില്ലെന്ന് ആർ ചന്ദ്രശേഖരൻ കെപിസിസിക്ക് താക്കീതും നൽകിയിരുന്നു. കോൺഗ്രസ് യാതൊരു പരിഗണനയും ഐഎൻടിയുസിക്ക് നൽകുന്നില്ലെന്നും ആർ ചന്ദ്രശേഖരൻ അന്ന് പരിഭവം പറഞ്ഞിരുന്നു. ഏതായാലും സാമൂഹ്യ മാധ്യമങ്ങളിൽ കോൺഗ്രസുകാർ ഇപ്പോൾ ചോദിക്കുന്നത് പാർട്ടിക്ക് ബാധ്യതയായി എന്തിനാണ് ഇതുപോലൊരു തൊഴിലാളി സംഘടന എന്നതാണ്..