ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തോൽവി. കൊൽക്കത്താ നൈറ്റ് റൈഡേഴ്സിനെതിരേയാണ് ചെന്നൈയുടെ തോൽവി. എട്ട് വിക്കറ്റ് ജയമാണ് കെ കെ ആർ നേടിയത്. 104 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത 59 പന്ത് ബാക്കി നിൽക്കേ അനായാസമായി വിജയത്തിലെത്തി. മിന്നുന്ന തുടക്കം നൽകി ക്വന്റൺ ഡി കോക്കും സുനിൽ നരേയ്നും പുറത്തായെങ്കിലും 10.1 ഓവറിൽ ചെന്നൈ ഉയർത്തിയ വിജയലക്ഷ്യം കെകെആർ മറികടന്നു. സുനിൽ നരേയ്ൻ 18 പന്തിൽ 44 റൺസെടുത്തപ്പോൾ ഡി കോക്ക് 16 പന്തിൽ 23 റൺസ് സ്വന്തമാക്കി.
17 പന്തിൽ 20 റൺസുമായി അജിൻക്യ രഹാനെയും 12 പന്തിൽ 15 റൺസുമായി റിങ്കു സിംഗും പുറത്താകാതെ നിന്നു. ചെന്നൈക്കായി അൻഷുൽ കാംബോജും നൂർ അഹമ്മദും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് നേടാനെ സാധിച്ചുള്ളൂ. 29 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ.