കോൺഗ്രസിന് ഏറ്റവും അധികം സ്വാധീനമുള്ള ജില്ലയാണ് എറണാകുളം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പല കോൺഗ്രസ് കോട്ടകളും കടപുഴകിയപ്പോഴും എറണാകുളം അവർക്കൊപ്പം തന്നെ നിലകൊള്ളുകയായിരുന്നു. ആകെയുള്ള 14 സീറ്റുകളിൽ 9 ഇടങ്ങളിലും യുഡിഎഫിന് വലിയതോതിലുള്ള വിജയം നേടുവാൻ കഴിഞ്ഞിരുന്നു. മറ്റു മണ്ഡലങ്ങളിൽ പരാജയപ്പെട്ടതും സ്ഥാനാർത്ഥിനിർണയവും മറ്റ് സാഹചര്യങ്ങളും കൊണ്ടും ആയിരുന്നു. പൊതുവേ ഏതു തെരഞ്ഞെടുപ്പിലും കോൺഗ്രസ് അവരുടെ സേഫായ ഇടമായി എറണാകുളത്തെ കാണാറുണ്ട്. ഏറെക്കുറെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത്തരത്തിൽ തന്നെ പ്രതിഫലനം ഉണ്ടാകാറുമുണ്ട്.
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കോൺഗ്രസിന്റെ കോട്ടയായ എറണാകുളത്ത് ചെങ്കൊടി പാറിപ്പിക്കുവാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. പാർട്ടിയിലെ തന്നെ പല താപ്പാനകളെ രംഗത്തിറക്കിയിട്ടും ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള പൊതു സ്ഥാനാർത്ഥികളെ നിർത്തിയിട്ടും അതൊന്നും ഗുണം കണ്ടതേയില്ല. സ്വാഭാവികമായും സർക്കാരിനെതിരെ വലിയ തോതിലുള്ള ജനവികാരം നിലനിൽക്കുമ്പോൾ ഭരണ മാറ്റത്തിനുള്ള സാധ്യതകളെപ്പറ്റി ഇടതുപക്ഷത്തിനും അങ്കലാപ്പ് ഉണ്ട്. അതുകൊണ്ടുതന്നെ കോൺഗ്രസ് കോട്ടകളിൽ പോലും ആധികാരിക വിജയം ഉറപ്പുവരുത്തുന്നതിനാണ് ഇടതുപക്ഷം പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ അവർക്ക് മുന്നിലുള്ള വലിയൊരു കടമ്പ തന്നെയാണ് എറണാകുളം.
സിപിഎമ്മിന്റെ യുവമുഖമായ പി എം ആർഷോയെ രംഗത്തിറക്കി എറണാകുളം പിടിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ആർഷോ കേരളമാകെ അറിയപ്പെടുന്ന നേതാവാണ്. പല ഘട്ടങ്ങളിലും ഒട്ടേറെ വിവാദങ്ങളിൽ പെട്ടുവെങ്കിലും എസ്എഫ്ഐയെ സമീപകാലത്ത് വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞുനിൽക്കുന്നതിലേക്ക് നയിച്ചത് ആർഷോ തന്നെയാണ്. ബിഎ പരീക്ഷ പാസാകാത്ത ആർഷോയ്ക്ക് എംഎ ക്ലാസ്സിൽ പ്രവേശനം നൽകിയെന്ന വാർത്ത വലിയ വിവാദങ്ങൾക്ക് വഴിവെച്ചതായിരുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ഓട്ടോണമസ് കോളേജായ എറണാകുളം മഹാരാജാസ് കോളജിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടിയ പി. എം. ആർഷോയ്ക്ക് ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റർ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമസ്റ്ററിന് പ്രവേശനം നല്കുകയായിരുന്നു. ആർഷോ ആദ്യ സെമസ്റ്റർ പരീക്ഷയിൽ നൂറിൽ നൂറു മാർക്കും നേടിയതും അന്ന് വലിയ വിവാദമായിരുന്നു.
പഴയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആർഷോ തന്നെയായിരുന്നു. പലപ്പോഴും സംഘർഷ സമാനമായ സാഹചര്യങ്ങൾ ആയിരുന്നു ഗവർണറും എസ്എഫ്ഐയും തമ്മിൽ ഉണ്ടായിരുന്നത്. അന്ന് പ്രതിഷേധത്തിനിടെ ഉടുമുണ്ട് പിടിച്ച പൊലീസുകാരനോട് രൂക്ഷമായാണ് സംസ്ഥാന സെക്രട്ടറി ആർഷോ പ്രതികരിച്ചത്. ‘ആരാടാ..നീ മുണ്ട് പിടിക്കാൻ ആരാടാ…ആരിഫ് ഖാന്റെ ചെരുപ്പുനക്കി വാടാ..മുണ്ടിൽ പിടിച്ചു വലിക്കുന്നോ’- എന്നാണ് ആർഷോ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ ഉറക്കെ വിളിച്ച് പറഞ്ഞത്. എന്നാൽ ആർഷോയെ സമാധാനിപ്പിച്ചു കൊണ്ടായിരുന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതിഷേധത്തിൽ നിന്നും മാറ്റിയത്. ‘ആർഷോ നീ വാ, ഞാൻ അല്ലേ, പറയുന്നേ, ഞാൻ നോക്കിക്കോളാം നീവാ’ എന്നു പറഞ്ഞുകൊണ്ടായിരുന്നു പൊലീസ് ആർഷോയെ നീക്കിയത്. അത് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തോതിലുള്ള ട്രോളുകൾക്ക് വഴിയൊരുക്കിയിരുന്നു.
ആർഷോ നടത്തിയ പല കാമ്പുള്ള വിമർശനങ്ങളും പരിഹാസം നിറഞ്ഞ ട്രോളുകളായി ഭവിക്കുകയായിരുന്നു. ഒട്ടേറെ കേസുകളിൽ പ്രതിസ്ഥാനത്ത് ആർഷോ വന്നിട്ടുണ്ട്. ഹൈക്കോടതി ഇടപെട്ട് ജാമ്യം റദ്ദാക്കപ്പെടുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു. പിന്നീട് ആഴ്ചകളോളം ജയിൽവാസം അനുഭവിക്കേണ്ടതായും വന്നിരുന്നു. പല വിവാദങ്ങളും ഉണ്ടായിട്ടുള്ള സമയത്ത് സംസ്ഥാന സെക്രട്ടറിയായ ആർഷോ ജയിലിൽ ഇരുന്നുകൊണ്ടായിരുന്നു എസ്എഫ്ഐയെ നിയന്ത്രിച്ചിരുന്നത്. എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആർഷോ പ്രതിയാണ്.
പാർട്ടിക്ക് ഉള്ളിലും ആർഷോയ്ക്കെതിരെ പലതരത്തിലുള്ള പടപ്പുറപ്പാടുകളും ഉണ്ടായിട്ടുണ്ട്. ആർഷോയെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാക്കിയതു സംഘടനയുടെ പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്ന വിമർശനമായിരുന്നു ഒരു ഘട്ടത്തിൽ ഉയർന്നിരുന്നത്. 25 വയസ്സാണു ഭാരവാഹിത്വത്തിനു പാർട്ടി നേതൃത്വം നിർദേശിച്ച പ്രായപരിധിയെന്നിരിക്കേ, ആർഷോ സെക്രട്ടറിയായി തുടരുന്നത് 30–ാം വയസിലാണ്. എസ്എഫ്ഐയിൽ അംഗത്വമെടുക്കാൻ പ്രായപരിധി നിർബന്ധമാക്കിയിട്ടില്ല. വിദ്യാർഥികൾക്ക് ആർക്കും അംഗമാകാം. പുതിയവരെ നേതൃനിരയിലേക്കു കൊണ്ടുവരികയെന്ന സിപിഎമ്മിന്റെ നിർദേശം കൂടി കണക്കിലെടുത്താണ് ഭാരവാഹിത്വത്തിൽ 25 വയസ്സ് നിർബന്ധമാക്കാൻ ഏതാനും വർഷം മുൻപു തീരുമാനിച്ചത്. ആർഷോയ്ക്ക് വേണ്ടി മാത്രം ഇത്തരമൊരു ഇളവ് എങ്ങനെ വന്നുവെന്ന ചർച്ചയും സിപിഎം സംഘടനാ തലത്തിൽ പോലും ഉണ്ടായിരുന്നു.
എസ്എഫ്ഐയെ ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ് ആർഷോ നയിക്കുന്നത്. സ്വാഭാവികമായും ഒരു ഇടതുപക്ഷ സംഘടനയ്ക്ക് തുടർച്ചയായി ഭരണപക്ഷത്ത് തുടരുമ്പോൾ കാര്യമായി ഒന്നും ചെയ്യുവാനില്ല. പ്രത്യേകിച്ച് എസ്എഫ്ഐ പോലെയുള്ള ഒരു വിപ്ലവ പാരമ്പര്യം പേറുന്ന സമരസംഘടനയ്ക്ക് സമരമില്ലാതെ തുടരുക എന്നത് എളുപ്പമല്ല. അവിടെ ആണ് എസ്എഫ്ഐയെ സജീവമാക്കി ആർഷോ നിലനിർത്തുന്നത്. എറണാകുളം മണ്ഡലത്തിൽ ആർഷോ സ്ഥാനാർഥിയായി വന്നാൽ കോൺഗ്രസിന്റെ കോട്ട അനായാസം പൊളിക്കുവാൻ കഴിയുമെന്ന് സിപിഎം നേതൃത്വം വിലയിരുത്തുന്നു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിലുള്ള സ്വീകാര്യതയാണ് അതിന് കാരണമെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.