ഗാസ: ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഖാന് യൂനുസില്‍ നടത്തിയ ആക്രമണത്തില്‍ മരണം എട്ടായി.അതേസമയം ആരോഗ്യപ്രവര്‍ത്തകരെ വധിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഐഡിഎഫ് രംഗത്തുവന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഖേദപ്രകടനം.
ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും നിലവില്‍ ഇസ്രായേല്‍ പിടിച്ചെടുത്തിരിക്കുകയാണ്. വലിയ പ്രദേശങ്ങളെ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും നിര്‍ബന്ധിത ഒഴിപ്പിക്കലിന് ഉത്തരവിടുകയും ചെയ്തതോടെ പലസ്തീനികള്‍ക്ക് ഗാസയില്‍ മൂന്നില്‍ രണ്ട് ഭാഗങ്ങളിലേക്കും പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. യുഎന്‍ ഓഫീസ് ഫോര്‍ ദ കോര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സാണ് ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇസ്രയേല്‍ നിയന്ത്രണത്തിലെന്ന് വ്യക്തമാക്കിയത്.
ഇസ്രയേല്‍ നിരോധിത മേഖലയാക്കി മാറ്റിയ പ്രദേശങ്ങളില്‍ തെക്കന്‍ റഫയുടെ വലിയ ഭാഗവും ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസം 31 നാണ് തെക്കന്‍ റഫയില്‍ നിന്ന് ഒഴിയണമെന്ന ഉത്തരവ് ഇസ്രയേല്‍ പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ ഗാസ സിറ്റിയിലെ ഭാഗങ്ങളും ഗാസക്കാര്‍ക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്.
ഹമാസിനെ സമ്മര്‍ദത്തിലാക്കാന്‍ ആക്രമണം ശക്തമാക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണിക്ക് പിന്നാലെയാണ് സൈന്യം നടപടികള്‍ കടുപ്പിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് മാര്‍ച്ച് 18ന് വീണ്ടും ആക്രമണം തുടങ്ങിയതിന് ശേഷം മാത്രം ഏകദേശം 2.80 ലക്ഷം പലസ്തീനികളെ കുടിയിറക്കിയെന്നാണ് കണക്ക്. അതേസമയം കഴിഞ്ഞ ദിവസം മാത്രം നടത്തിയ വ്യോമയാക്രമണത്തില്‍ 38 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ 112 പേര്‍ക്ക് ജീവന് നഷ്ടമായി.