ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് ‘ബേബി റോക്കറ്റ്’ എന്നറിയപ്പെടുന്ന പുതിയ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി). എസ്എസ്എല്‍വിയുടെ മൂന്നാമത്തേതും അവസാനത്തേയും പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണിത്.
പി.എസ്.എൽ.വിയേയും ജിഎസ്എൽ.വിയേയും അപേക്ഷിച്ച് ചെറുതായതിനാൽ എസ്.എസ്.എൽ.വിക്ക് ബേബി റോക്കറ്റ് എന്ന വിശേഷണവും ഉണ്ട്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08, എസ്ആര്‍-0 ഉപഗ്രഹങ്ങള്‍ 475 കിമീ ഉയരത്തില്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ റോക്കറ്റിന് സാധിച്ചു.
ഐഎസ്ആര്‍ഓയുടെ പ്രവര്‍ത്തനക്ഷമമായ ബഹിരാകാശ റോക്കറ്റുകളുടെ പട്ടികയില്‍ ഇതോടെ എസ്എസ്എല്‍വിയും ഇടം പിടിച്ചു. എന്നാല്‍ ഈ വിക്ഷേപണ റോക്കറ്റിന്റെ സാങ്കേതിക വിദ്യ പൂര്‍ണമായും സ്വകാര്യ ബഹിരാകാശ കമ്പനികള്‍ക്ക് നല്‍കും. വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണങ്ങള്‍ക്ക് വേണ്ടി ഇത് ഉപയോഗിക്കാം.മൂന്നാം വിക്ഷേപണം പൂര്‍ത്തിയായതോടെ വിക്ഷേപണ റോക്കറ്റിന്റെ നിര്‍മാണം പൂര്‍ത്തിയായെന്ന് നമുക്ക് പ്രഖ്യാപിക്കാമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു.
നിര്‍മാണത്തിനും വിക്ഷേപണങ്ങള്‍ക്കുമായി ഈ സാങ്കേതിക വിദ്യ വ്യവസായങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നടപടികളിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.അതേസമയം റോക്കറ്റിന്റെ അവസാനഘട്ടത്തില്‍ ചില ജോലികള്‍ കൂടിയുണ്ടെന്നും അത് ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന വെലോസിറ്റി ട്രിമിങ് മോഡ്യൂള്‍ ആണ് റോക്കറ്റിന്റെ അവസാന ഘട്ടം. ഉപഗ്രഹങ്ങള്‍ വിന്യസിക്കുന്നതിന് മുമ്പ് റോക്കറ്റിന്റെ വേഗം ക്രമീകരിക്കുന്നത് ഈ ഘട്ടത്തിലാണ്. ആദ്യ പരീക്ഷണ വിക്ഷേപണത്തില്‍ ഈ ഘട്ടം തകരാറിലായിരുന്നു.
എന്നാല്‍ വെള്ളിയാഴ്ച നടന്ന വിക്ഷേപണത്തില്‍ ഉപഗ്രഹങ്ങള്‍ നിശ്ചയിച്ച സ്ഥലത്ത് കൃത്യമായി തന്നെയാണ് വിന്യസിച്ചതെന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഉപഗ്രഹങ്ങളുടെ അന്തിമ ഭ്രമണപഥം നിരീക്ഷണങ്ങള്‍ക്ക് ശേഷം അറിയാനാവുമെന്നും സോമനാഥ് വ്യക്തമാക്കി