ഭോപ്പാൽ: ശാരീരികബന്ധമില്ലാതെ മറ്റൊരു പുരുഷനോട് ഭാര്യയ്ക്ക് പ്രണയമോ അടുപ്പമോ തോന്നിയാല്‍ അത് അവിഹിതമായി കണക്കാക്കാൻ കഴിയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ അത് അവിഹിതമായി കണക്കാക്കാൻ കഴിയൂവെന്നും ജസ്റ്റിസ് ജി.എസ്. അലുവാലിയയുടെ ബെഞ്ച് വ്യക്തമാക്കി.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അതുകൊണ്ട് ഭാര്യയ്ക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്നും കാണിച്ച് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 4,000 രൂപ നല്കാന് കുടുംബ കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന് നല്‍കിയത്. ഭര്‍ത്താവിന്റെ തുച്ഛമായ വരുമാനം ജീവനാംശം നിഷേധിക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.