തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫസർ കെ വി തോമസിന്റെ പ്രതിവർഷ യാത്ര ബത്ത 11.31 ലക്ഷം ആയി ഉയർത്താൻ ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകി. നേരത്തെ യാത്ര ബത്തയായി പ്രതിവർഷം 5 ലക്ഷം രൂപയായിരുന്നു കെ വി തോമസിന് അനുവദിച്ചിരുന്നത് . എന്നാൽ യാത്രാ ആവശ്യങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു ആവശ്യം.
ഇത് പരിഗണിച്ചാണ് ധനവകുപ്പിന് നിർദേശം നൽകിയിരിക്കുന്നത്. കെ വി തോമസിന്റെ ഓണറേറിയത്തിനായി കഴിഞ്ഞ ബജറ്റില്‍ നല്‍കിയത് 24.67 ലക്ഷം രൂപയായിരുന്നു. കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായപ്പോള്‍ ശമ്പളം വേണ്ട ഓണറേറിയം മതിയെന്നാണ് കെ വി തോമസ് അറിയിച്ചിരുന്നത്.
ഓണറേറിയത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളുമുണ്ട്.മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡല്‍ഹിയില്‍ കെ വി തോമസിനായി നിയമിച്ചിട്ടുണ്ട്. ഓണറേറിയത്തിന് പുറമെ, എംഎല്‍എ, എം പി, അധ്യാപക പെന്ഷന് എന്നിവയും കെ വി തോമസിന് ലഭിക്കുന്നുണ്ട്.