തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾ വിൽക്കാനും കൈമാറ്റംചെയ്യാനും 12 വർഷം കഴിയണം. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുൻകൂർ അനുമതിയോടെ കൈമാറ്റം ചെയ്യാൻ നേരത്തെ നിശ്ചയിച്ചിരുന്ന ഏഴുവർഷം എന്ന ഉത്തരവാണ് ഇപ്പോൾ പന്ത്രണ്ടാക്കി ഉയർത്തിയത്. ലൈഫ് പദ്ധതിയുടെ ലക്ഷ്യങ്ങൾക്ക് തന്നെ ദോഷകരമായി ബാധിക്കും എന്നതുകൊണ്ടാണ് 12 വർഷമാക്കി ഉയർത്തിയത്.
പി.എം.എ.വൈ. (അർബൻ, ഗ്രാമീൺ) എന്നിവയിൽ ഉൾപ്പെടുന്ന വീടുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായധനം ലഭിക്കുന്ന മറ്റു പദ്ധതികളിലെ വീടുകൾക്കും ഈ വ്യവസ്ഥ ബാധകമാണ്. ഭൂമി പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും വായ്പയെടുക്കുമ്പോഴും ഈ നിബന്ധനകൾ ബാധകമായിരിക്കും. ഗുണഭോക്താവ് അവസാന ഗഡു ലഭിച്ച തീയതി മുതൽ ഈ സമയപരിധി നിലവിൽ വരുന്നതാണ്.